Sunday, September 20, 2026

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം ! അമ്മുവിൻറെ വീട് സന്ദർശിച്ച് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ; മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

തിരുവനന്തപുരം: പത്തനംതിട്ടയിലെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നഴ്സിങ് വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ച് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം അന്വേഷണത്തിന് ആരോഗ്യ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.

‘അമ്മു സജീവിന്റെ മരണം ഞെട്ടിക്കുന്നതാണ്‌. വസ്തുതയെന്തെന്ന് ആരോഗ്യ സർവകലാശാലയ്ക്കും അറിയണം. കുട്ടിയുടെ രക്ഷിതാക്കളുമായി വിശദമായി സംസാരിച്ചു. മരണം അന്വേഷിക്കുന്നതിന് നാലംഗ സമിതി ഉണ്ട്. കോളേജിലെത്തി എല്ലാവരേയും കണ്ട് സംസാരിക്കും.

പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം എല്ലാം വിശദമായി പരിശോധിക്കും. പോലീസ് അന്വേഷണവും കാര്യക്ഷമമായി നടക്കണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. അതിനുവേണ്ട നടപടി എടുക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചയുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി ഉണ്ടാകും.

ആരോ​ഗ്യസർവകലാശാലയിലെ കുട്ടി കൃത്യമായ ചികിത്സ കിട്ടാതെ മരിച്ചുവെന്ന് പറയുന്നത് ആരോ​ഗ്യസർവകലാശാലയുടെ കൂടി പരാജയമാണ്. അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. കോളേജിലെ പ്രശ്നങ്ങളിൽ രക്ഷിതാക്കൾ നൽകിയ പരാതി ഉണ്ട്. ആ പരാതിയിലെ തുടർ നടപടിയിൽ അടക്കം വിശദമായ അന്വേഷണം നടക്കും. ആന്റി റാഗിങ് സെല്ലിന്റെ പ്രവർത്തനം അടക്കം പരിശോധിക്കും”, വിസി മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

പത്തനംതിട്ട ചുട്ടിപ്പാറ ​ഗവ: നഴ്സിങ് കോളേജ് നാലാം വർഷ വിദ്യാർഥിനിയായ അമ്മു സജീവിനെ (22) ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെെകുന്നേരം ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം അയിരൂപാറ സ്വദേശിയാണ്. വിദ്യാർഥിനിയുടെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് അമ്മുവിന്റെ കുടുംബം. മകളുടെ മരണത്തിൽ സത്യസന്ധമായ ഒരു അന്വേഷണം നടക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

കഴിഞ്ഞദിവസം പത്തനംതിട്ട പോലീസ് കോളേജിലെത്തി അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹപാഠികളായ മൂന്ന് വിദ്യാർഥികളാണ് ഇതിന് പിന്നിലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

Related Articles

Latest Articles