Thursday, May 16, 2024
spot_img

ജഡ്ജിമാരുടെ നിയമനത്തിലെ പരിഷ്കാരങ്ങളെ വിമർശിച്ച പ്രതിരോധമന്ത്രി പുറത്ത് !ഇസ്രായേലില്‍ തെരുവിലിറങ്ങി ജനങ്ങൾ

പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ നടപടിയെത്തുടർന്ന് ഇസ്രായേലില്‍ തെരുവിലേക്കിറങ്ങി പതിനായിരങ്ങള്‍. രാജ്യത്ത് ജഡ്ജിമാരുടെ നിയമന രീതിയുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയതിനെത്തുടർന്നാണ് പ്രതിരോധ മന്ത്രിയായ ഗാലന്റിനെ പുറത്താക്കി. സംഭവത്തിന് തൊട്ട് പിന്നാലെ ജറുസലേമില്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപം പ്രതിഷേധക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. ഇവരെ നേരിടാൻ പൊലീസും സൈന്യവും തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ നിയമനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഹെര്‍സോഗ്, സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്നും നിലപാട് സ്വീകരിച്ചു.

രാജ്യത്ത് ജഡ്ജിമാരെ നിയമിക്കുന്ന സമിതിയുടെ മേല്‍ സര്‍ക്കാരിന് നിര്‍ണായക അധികാരം നല്‍കുന്ന പദ്ധതികളാണ് നെതന്യാഹു പുതിയ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുത്തിയത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താത്പര്യങ്ങള്‍ക്കായാണ് ഈ നീക്കമെന്നാണ് എതിര്‍കക്ഷികൾ ആരോപണം ഉയർത്തുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കൂടി പുറത്ത് വന്നത്.

ടെല്‍ അല്‍വീവില്‍ ഇസ്രായേല്‍ പതാകയേന്തിഎത്തിയ പ്രതിഷേധക്കാര്‍ രണ്ട് മണിക്കൂറുകളോളം ഹൈവേയില്‍ ഗതാഗതം തടസ്സപ്പെടുത്തി. ഇതിനിടെ ജറുസലേമിലെ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നാരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. അതിനിടെ നെതന്യാഹു നിര്‍ബന്ധിത രാജി വയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ കോടതി തള്ളി.

Related Articles

Latest Articles