Tuesday, May 14, 2024
spot_img

​അന്വേഷണ പുരോ​ഗതി ഡിജിപി ​ഗവർണറെ അറിയിച്ചു; എസ്എഫ്ഐ ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിൻ്റെ വീട് ഇന്ന് ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും

തിരുവനന്തപുരം: ​​വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ എസ്എഫ്ഐ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കേസിന്റെ അന്വേഷണ പുരോഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഡിജിപി അറിയിച്ചു. പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഗവർണറെ ഡിജിപി അറിയിച്ചു.

സിദ്ധാർഥന്റെ കുടുംബം നൽകിയ പരാതി ഗവർണർ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് ഡിജിപി ഗവർണറെ വിശദാംശങ്ങള്‍ അറിയിച്ചത്. സിദ്ധാർത്ഥിന്‍റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ സമരം നടത്തുമെന്നും സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.

ഇതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പേർ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും മറ്റൊരു പ്രതിയുമാണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. നേരത്തെ എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുണും പോലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ പ്രതിപട്ടികയിലെ 10 പേർ‌ പോലീസിന്റെ പിടിയിലായി. കേസിൽ എട്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.

പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിം​ഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Related Articles

Latest Articles