Tuesday, May 21, 2024
spot_img

‘ആദ്യം രാഷ്ട്രം, ഗാന്ധി കുടുംബം രണ്ടാമത്’ എന്ന് സോണിയയുടെ മുന്നിൽ നിന്ന് പറയാനുള്ള ധൈര്യംകോൺഗ്രസുകാർക്ക് ഉണ്ടോ? പാർട്ടിയുടെ അജണ്ടകൾ തീരുമാനിക്കപ്പെടുന്നത് ഒരു കുടുംബത്തിന്റെ ഡൈനിം​ഗ് റൂമിൽ! പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: കോൺ​ഗ്രസ് പാർട്ടിയുടെ അജണ്ടകൾ തീരുമാനിക്കപ്പെടുന്നത് ഒരു കുടുംബത്തിന്റെ ഡൈനിം​ഗ് റൂമിലാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബിജെപിയെന്നാൽ അതിന്റെ പ്രവർത്തകരാൽ രൂപീകൃതമായ, ജനാധിപത്യ പാർട്ടിയാണ്. എന്നാൽ ഒരു വിഭാ​ഗം നേതാക്കളിലോ കുടുംബത്തിലോ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് കോൺ​ഗ്രസ് അടക്കമുള്ള പല പാർട്ടികളെന്നും അദ്ദേഹം പറഞ്ഞു. ബർപേത ജില്ലയിലെ ചക്ചകയിൽ പുതിയതായി സ്ഥാപിച്ച ബിജെപി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കുടുംബത്തിന്റെ ഡൈനിം​ഗ് റൂമിലാണ് കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട അജണ്ടകൾ തീരുമാനിക്കപ്പെടുന്നത്. പ്രവർത്തകർ അത് പിന്തുടരുക മാത്രം ചെയ്യുന്നു. ആ കുടുംബത്തിന്റെ ആവശ്യകതകൾക്ക് അനുസരിച്ച് പാർട്ടിയുടെ അജണ്ടയും പ്രത്യയശാസ്ത്രവും മാറ്റുന്നുവെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

മുൻ കോൺ​ഗ്രസുകാരാനായ ശർമ്മ നേരത്തെ പാർട്ടി നേതാക്കളിൽ നിന്നും നേരിട്ട അനുഭവങ്ങളെക്കുറിച്ചും എന്നാൽ ബിജിപിയിലേക്ക് എത്തിയതിന് ശേഷം മുതിർന്ന നേതാക്കൾ പെരുമാറിയത് എപ്രകാരമാണെന്നും പരാമർശിച്ചു. ബിജെപി നേതാക്കളായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ധർമ്മേന്ദ്ര പ്രധാൻ എന്നിവർ തങ്ങളുടെ പ്രവർത്തകരുമായി ഇടപഴകുന്നത് കണ്ട് അതിശയം തോന്നിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പാർട്ടി മീറ്റിം​ഗിന് എത്തിയാൽ എല്ലാ പ്രവർത്തകർക്കുമൊപ്പം ഇരുന്നാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും ശർമ്മ എടുത്തുപറഞ്ഞു. മുതിർന്ന ബിജെപി നേതാവായ അമിത് ഷാ പോലും ഒരു ഫാൻസി ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പാർട്ടി പ്രവർത്തകന്റെ വീട്ടിലിരുന്ന് ആഹാരം കഴിക്കുമ്പോഴാണ് സന്തോഷവാനാകുന്നത്.

സോണിയക്കോ രാഹുലിനോ അടുത്ത് കസേര പങ്കിടുന്നത് പോലും കോൺ​ഗ്രസിൽ സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യമാണ്. ​ഗാന്ധി കുടുംബം രണ്ടാമതും രാഷ്‌ട്രകാര്യം ഒന്നാമതുമാണെന്ന് കോൺ​ഗ്രസ് എന്ന പാർട്ടിയുടെ പ്ലാറ്റ്ഫോമിൽ നിന്ന് സോണിയയുടെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞാൽ അതെങ്ങനെ കലാശിക്കുമെന്ന് ആശങ്കപ്പെടുകയാണ്. എന്നാൽ ബിജെപിയിലേക്ക് വന്നാൽ പ്രധാനമന്ത്രി മോദി തന്നെയാണ് അക്കാര്യം പറയുന്നത്. രാഷ്‌ട്രം ആദ്യം, പാർട്ടി രണ്ടാമത്, മൂന്നാമതാണ് കുടുംബം. ഇത് ബിജെപിയുടെ സംഘടനാപരമായ അടിത്തറയേയാണ് സൂചിപ്പിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ സ്വന്തമാക്കുമെന്നും റീജിയണൽ പാർട്ടിയുടെ നിലയിലേക്ക് കോൺ​ഗ്രസ് വീണ്ടും ഒതുങ്ങുമെന്നും ശർമ്മ വിമർശിച്ചു.

Related Articles

Latest Articles