Friday, May 3, 2024
spot_img

‘വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ ഡിജി ലോക്കർ വാലറ്റ് സംവിധാനം ഉപയോഗപ്പെടുത്തും; മറ്റാരു സർവകലാശാലയിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതാത് കോളേജുകൾക്ക്’ – കേരള സർവകലാശാല വൈസ് ചാൻസലർ

തിരുവനന്തപുരം : വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ വ്യക്തമാക്കി . കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റ് സംവിധാനത്തിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവ്വകലാശാലയ്ക്ക് പരിശോധിക്കാനും യാഥാർഥ്യം കണ്ടെത്താനും കഴിയുമെന്ന് മോഹൻ കുന്നുമ്മൽ പറഞ്ഞു.

“മറ്റാരു സർവകലാശാലയിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതാത് കോളേജുകൾക്കാണ്. സർവകലാശാല ചട്ടത്തിലും അങ്ങനെയാണ് പറയുന്നത്. ഇത്രയും കാലം സർട്ടിഫിക്കറ്റുകൾ കൃത്യമാണോയെന്ന് പരിശോധിക്കുന്നതിൽ കർശനമായ പരിശോധന നടന്നിരുന്നില്ല എന്നാണ് മനസിലാകുന്നത്. അതിനാൽ സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽമാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ചട്ടം കർശനമാക്കും.” മോഹൻ കുന്നുമ്മൽ പറഞ്ഞു.

കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളേജിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് എംകോം പ്രവേശനം നേടിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ വിഷയത്തിൽ അയാൾക്കെതിരെ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് വൈസ് ചാൻസലർ പറഞ്ഞു.

“ഒരു പത്രത്തിൽ ഇത് സംബന്ധിച്ച് ഒരു വാർത്ത വന്നു. പരിശോധിച്ചപ്പോൾ അത്തരമൊരു സർട്ടിഫിക്കറ്റ് സർവ്വകലാശാല ഇഷ്യു ചെയ്തതല്ല എന്ന് വ്യക്തമായി. സർവകലാശാലായുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പ്രതിഛായയെ ബാധിക്കുമെന്നതിനാൽ ഇത് ആരാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാനാണ് പരാതി നൽകിയിട്ടുള്ളത്”- അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles