Sunday, May 19, 2024
spot_img

ആയിരം മുടക്കി മുപ്പത് കോടി നേടി; പ്രേംഗണപതിയുടെ ദോശപ്ലാസ

ഒരു സെറ്റ് ദോശയ്ക്കും ചമ്മന്തിയ്ക്കും എന്തുവില വരും? മുപ്പത് രൂപ, ഏറിയാല്‍ അമ്പത് രൂപ. അല്ലെ? എന്നാല്‍ ദോശ വിറ്റാല്‍ ഒരു മാസത്തെ അറ്റാദായമായി മുപ്പത് കോടി രൂപ കിട്ടിയാലോ? അന്തം വിടേണ്ട ,വില്‍ക്കേണ്ട പോലെ വിറ്റാല്‍ അതുംകിട്ടും അതിലപ്പുറവും കിട്ടുമെന്നാണ് തമിഴ്നാട്ടുകാരന്‍ പ്രേംഗണപതി പറയുന്നത്. ദോശ പ്ലാസയെന്ന മുപ്പത് കോടി രൂപ അറ്റാദായമുള്ള വന്‍കിട വ്യവസായ ശ്യംഖലയുടെ അധിപനാണിദ്ദേഹം. തൂത്തുക്കുടിക്കാരന്‍ പ്രേംഗണപതിയെ ഭക്ഷ്യശ്യംഖലയുടെ അധിപനാക്കിയതിന് പിന്നില്‍ കഠിനാധ്വാനത്തിന്റെയും അറ്റമില്ലാത്ത സ്വപ്നങ്ങളുടെയും കഥയാണ് . വെറും 1000 രൂപയുടെ ആദ്യ നിക്ഷേപത്തില്‍ തുടങ്ങിയതാണ് അദേഹത്തിന്റെ സംരംഭക ജീവിതം.

1990ല്‍ പതിനേഴാം വയസില്‍ എല്ലാ കുട്ടികളും ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന പ്രായത്തില്‍ പ്രേംഗണപതിയ്ക്കും ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പാവപ്പെട്ട കുടുംബമായതിനാല്‍ മാതാപിതാക്കളെ സഹായിക്കാന്‍ ചെന്നൈയില്‍ ജോലിയ്ക്ക് പരിശ്രമിച്ചു. എന്നാല്‍ വെറും 250 രൂപയായിരുന്നു മാസശമ്പളം . ഇതേതുടര്‍ന്ന് പ്രേംഗണപതി തന്റെ മാതാപിതാക്കളോ,സുഹൃത്തുക്കളോ അറിയാതെ തൂത്തുക്കുടിയിലെ നാഗല്‍പുരത്ത് നിന്ന് നാടുവിട്ടു.

ഒരു പരിചയക്കാരന്‍ മുംബൈയില്‍ ചെന്നാല്‍ 1200 രൂപയ്ക്ക് പ്രതിമാസം ശമ്പളത്തില്‍ ജോലി നല്‍കാമെന്ന് നല്‍കിയ ഉറപ്പു വിശ്വസിച്ചായിരുന്നു ഈ പതിനേഴ് വയസുകാരന്റെ നാടുവിടല്‍. എന്നാല്‍ മുംബൈയിലെത്തി അദേഹത്തെ അന്വേഷിച്ച് ഏറെ വലഞ്ഞെങ്കിലും കണ്ടുമുട്ടാനായില്ല. എന്നാല്‍ നാട്ടിലേക്ക് തിരിച്ചുവണ്ടി കയറാന്‍ പ്രേംഗണപതി തയ്യാറായില്ല.

സ്വന്തം നിലയ്ക്ക തന്നെ ഒരു ജോലി തേടിപ്പിടിക്കാനായി പരിശ്രമം. അങ്ങിനെ ഏറെ അലച്ചിലിനൊടുവില്‍ മുംബൈയില്‍ മാഹീം എന്ന ബേക്കറിയില്‍ ഒരു കൊച്ചുജോലി ലഭിച്ചു. പാത്രം കഴുകലായിരുന്നു പണി. നൂറ്റമ്പത് രൂപ മാസവരുമാനവും ബേക്കറിയില്‍ തന്നെ താമസസൗകര്യവും ലഭിച്ചു. രണ്ട് വര്‍ഷത്തോളം നിരവധി റസ്റ്റോറന്റുകളില്‍ ജോലി ചെയ്യുകയും കഴിയാവുന്നത്ര സമ്പാദിക്കാനും ഈ കൊച്ചുമിടുക്കന്‍ പരിശ്രമിച്ചു.

പിന്നീട് ചെമ്പൂര്‍ എന്ന സ്ഥലത്തെ ഹോട്ടലില്‍ പീസ ഡെലിവറി ബോയിയായും കുറച്ചുകാലം ജോലി ചെയ്തു. ഇക്കാലയളവില്‍ നവി മുംബൈയിലും റസ്റ്റോറന്റില്‍ പാത്രം കഴുകുന്ന ജോലിയും ചെയ്തു. കാലം പിന്നിടും തോറും കൂടുതല്‍ സമ്പാദിക്കണമെന്ന ചിന്ത പ്രേംഗണപതിക്ക് കലശലായി.

1992ല്‍ ഈ യുവാവ് തന്റെ സമ്പാദ്യമെല്ലാം കൂട്ടിവെച്ചും,സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും 150
രൂപയ്ക്ക് ഒരു ഉന്തുവണ്ടി വാടകയ്ക്ക് എടുത്തു. വാഷി റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തായിരുന്നു തന്റെ ആദ്യ ദോശക്കച്ചവടത്തിന് തുടക്കമിട്ടത്. ദോശയും ഇഡ്ഢലിയുമായിരുന്നു വില്‍പ്പന. രുചിയേറിയ ദോശകളും ,തന്റെ നാട്ടിലെ രുചി പകരുന്ന സാമ്പാറും നല്‍കാന്‍ തുടങ്ങിയതോടെ കച്ചവടം പച്ചപ്പിടിക്കാന്‍ തുടങ്ങി. 20,000 രൂപാവരെ മാസശമ്പളം നേടാന്‍ സാധിച്ചിരുന്നുവെന്ന് പ്രേംഗണപതി പറയുന്നു.

എന്നാല്‍ പലതവണ മുന്‍സിപ്പിലാറ്റി അധികൃതര്‍ തന്റെ തെരുവോര കച്ചവടം മുടക്കാന്‍ ഉന്തുവണ്ടി എടുത്തുകൊണ്ടുപോയെന്ന് ഈ യുവാവ് ഓര്‍ക്കുന്നു. എന്നാല്‍ അദേഹം പ്രതീക്ഷ കൈവിട്ടില്ല. പ്രേംഗണപതിയുടെ സുഹൃത്തുക്കള്‍ മികച്ച വിദ്യാഭ്യാസം നേടിയവരായിരുന്നു. ഇവരുടെ സഹായത്തോടെ പലപ്പോഴും കമ്പ്യൂട്ടര്‍പരിജ്ഞാനവും കരസ്ഥമാക്കി. പലപ്പോഴും, രണ്ട് മണിക്കൂര്‍ സൈബര്‍ കഫേയില്‍ പോയി പലതരം വ്യവസായങ്ങളെ കുറിച്ച് മനസിലാക്കാന്‍ സര്‍ഫിങ് പതിവാക്കി. തന്റെ ഉന്തുവണ്ടിക്ക് സമീപമുള്ള ഡൊണാള്‍ഡ് എന്ന റസ്റ്റോറന്റിന്റെ വിജയം കണ്ടതിന് ശേഷമാണ് സ്വന്തമായി ഒരു റസ്റ്റോറന്റ് എന്ന സ്വപ്നത്തിലേക്ക് ചിറകുവിരിച്ചത്.

1997ല്‍ ഒരു ചെറിയ സ്ഥലം മാസം 50,000രൂപ പണയത്തിന് എടുക്കാന്‍ സാധിച്ചു.അയ്യായിരം രൂപ വാടകയും നല്‍കി. രണ്ട് ജോലിക്കാരെയും വെച്ചു.” പ്രേം സാഗര്‍ ദോശ പ്ലാസ്’ എന്ന സംരംഭത്തിന് തുടക്കമിട്ടു. പിന്നീട് ദോശകളിലെ വെറൈറ്റി പരീക്ഷണങ്ങളായിരുന്നു . രുചിയേറിയ ഷെസ്വാന്‍ ദോശ, പനീര്‍ ചില്ലി, സ്പ്രിങ് റോള്‍ ദോശ എന്നിങ്ങനെ 26 ദോശ വെറൈറ്റികള്‍ ഉണ്ടാക്കാന്‍ തുടങ്ങി. കൈപുണ്യവും രുചിയും കാരണം ദോശപ്ലാസ തേടി ആളുകളെത്താന്‍ തുടങ്ങി. 2002 ആയപ്പോഴേക്കും 105 ദോശകളാണ് ദോശപ്ലാസയുടെ മാസ്റ്റര്‍പീസായത്. ഈ സമയം ബിസിനസ് വിപുലീകരണമായി പ്രേമിന്റെ ശ്രദ്ധ.

‘സെന്റര്‍ വണ്‍ മാള്‍ ഞങ്ങളുടെ റസ്റ്റോറന്റിന്റെ അടുത്ത് തുടങ്ങാന്‍ തീരുമാനിച്ചതോടെ എന്റെ ഭാഗ്യം തെളിഞ്ഞു. അവരുടെ മാനേജ്‌മെന്റ് ടീമിലുള്ള പലരും ഞങ്ങളുടെ റെസ്റ്റോറന്റില്‍ നിന്ന് ആഹാരം കഴിക്കുന്നലരാണ്. ആ പരിചയം വച്ച് മാളില്‍ ഒരു ഔട്ടലെറ്റ് ഒരുക്കി തരാമെന്ന് അവര്‍ സമ്മതിച്ചു.’ പ്രേം പറയുന്നു. വൈകാതെ നിരവധി ഫ്രാഞ്ചൈസുകള്‍ ലഭിക്കാന്‍ തുടങ്ങി. വിദേശത്ത് നിന്ന് പോലും അവസരങ്ങല്‍ വന്നു.
ഇന്ന് ഇന്ത്യയില്‍ ഉടനീളം 45 ഔട്ട്‌ലെറ്റുകളാണ് ദോശ പ്ലാസയ്ക്കുള്ളത്. കൂടാതെ യു എ ഇ, ഒമാന്‍, ന്യൂസിലന്റ് എന്നിവിടങ്ങളിലായി ഏഴ് അന്താരാഷ്ട്ര ഔട്ട്‌ലെറ്റുകളുമുണ്ട്. ആയിരം രൂപ മുതല്‍മുടക്കി ആരംഭിച്ച ബിസിനസ് 30 കോടി രൂപ വരുമാനം തരുന്ന സംരംഭമായി മാറി. വരുന്ന വര്‍ഷങ്ങളില്‍ ലാഭം നാല്‍പത് കോടിരൂപയാക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പ്രേംഗണപതി പറഞ്ഞു.

Related Articles

Latest Articles