Monday, May 20, 2024
spot_img

അടിസ്‌ഥാന സൗകര്യമില്ലാതെ അട്ടപ്പാടി: ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ല, കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് 4 കിലോമീറ്റര്‍

അട്ടപ്പാടി: അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ അട്ടപ്പാടിയിൽ ഇപ്പോഴും ജനങ്ങൾ ദുരിതത്തിലാണ്. പാലക്കാട് അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് നാല് കിലോമീറ്റര്‍ ദൂരം. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്‍ കുട്ടിക്കാണ് ദുരവസ്ഥ അനുഭവിക്കേണ്ടി വന്നത്. ഒരു കൈയ്യിൽ കുഞ്ഞിന്റെ മൃതദേഹവുമായി കുത്തിയൊലിക്കുന്ന തോട്ടിലെ ഒറ്റത്തടിപ്പാലത്തിൽ മറുകരയും കടന്ന് കനത്ത മഴയിലാണ് പിതാവ് കുഞ്ഞുമായി ഊരിലെത്തിയത്.

അയ്യപ്പന്‍-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ഊരിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിതാവ് മൃതദേഹവുമായി നടന്നത്.

പിതാവിന്റെ നിസഹായതയും ഊരിലെ ദുരവസ്‌ഥയും തെളിയിക്കുന്നതാണ് സംഭവം. ഊരിലേക്ക് എത്തിച്ചേരാന്‍ മറ്റ് വഴികളില്ല. തടിക്കുണ്ട് ആദിവാസി ഊരിന് താഴെ വരെ മാത്രമേ വണ്ടിയെത്തു. തോടും മുറിച്ച്‌ കടക്കണം. അസുഖം ബാധിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഊരിലേത്.

വാഹനം കടന്നുപോകുന്ന ഒരു തടിപ്പാലം വേണമെന്നത് ഊരുനിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇതിന് പകരം ഒരു നടക്കാന്‍ മാത്രം കഴിയുന്ന തൂക്കുപാലമാണ് ജനങ്ങള്‍ക്ക് കിട്ടിയത്. പിതാവിനൊപ്പം ഊരിലേക്ക് വികെ ശ്രീകണ്‌ഠന്‍ എംപിയും ഒപ്പമുണ്ടായിരുന്നു. അടിയന്തരമായി ഊരിലേക്ക് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് എംപി അറിയിച്ചു.

Related Articles

Latest Articles