തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്. ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാ പിഴവ് രൂക്ഷമാവുകയും അതേ തുടർന്ന് രോഗികൾ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ഇരുപത്തിയേഴുകാരിയായ യുവതി ശസ്ത്രക്രിയക്കിടെ മരിച്ചതായി പരാതി ഉയർന്നിരുന്നു. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക ആണ് ചികിത്സാ പിഴവ് മൂലം മരിച്ചത്. കാലിലെ ശസ്ത്രക്രിയക്കായി കാർത്തികക്ക് അനസ്തേഷ്യ നല്‍കിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
രാത്രി ഒമ്പത് മണിയോടെ ആയിരുന്നു മരണം. എന്നാൽ ആശുപത്രി അധികൃതർ മരണവിവരം മറച്ചുവച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കാർത്തികയ്ക്ക് അനസ്തേഷ്യ നൽകാൻ ട്യൂബ് ഇറക്കരുതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. അങ്ങനെയാണോ അനസ്തേഷ്യ നൽകേണ്ടത്, എന്താണ് നടന്നതെന്ന് അറിയണം. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും മരിച്ച കാർത്തികയുടെ ബന്ധുക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചികിത്സാ പിഴവ് മൂലം പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനിൽക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും ചികിത്സാ പിഴവ് എന്നാരോപണം ഉയരുന്നത്. അതേസമയം മൂന്ന് മരണങ്ങളിലും ചികിൽസാ പിഴവില്ലെന്നാണ് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണം. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തങ്കം ആശുപത്രി അധികൃതർ അറിയിച്ചു.

