അമ്പലപ്പുഴ: നീർക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ ഉപദേവാലയങ്ങൾ തുറന്ന് നിലവിളക്കുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തൃശ്ശൂർ അയ്യപ്പൻകാവ് ചാലക്കുടി മടപ്പറമ്പ് മഠം വീട്ടിൽ വാസുദേവൻ (56) ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. അമ്പലപ്പുഴ പോലീസ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.
നീർക്കുന്നം കളപ്പുരക്കൽ ക്ഷേത്രത്തിലെ പൂജാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ വാസുദേവനെ ആറുമാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ചാലക്കുടിയിലും സമാന മോഷണ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.