Friday, May 17, 2024
spot_img

മറക്കിലൊരിക്കലും; രാജ്യത്തെ നടുക്കിയ പത്താൻകോട്ട് ഭീകരാക്രമണത്തിന് ഇന്ന് നാല് വയസ്

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ഇന്ന് നാലു വയസ്. പുതുവര്‍ഷത്തിന്റെ ആലസ്യത്തില്‍ മയങ്ങിയ പഞ്ചാബിനെ ഞെട്ടിച്ച ഭീകരാക്രമണത്തിന് പിന്നില്‍ പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയായിരുന്നു. പാക് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ സൈനിക വേഷത്തിലാണ് പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ചത്. പുലര്‍ച്ചെ മൂന്നോടെ സൈനിക വേഷത്തിലെത്തിയ ഭീകരര്‍ പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേന താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പ്രത്യാക്രമണം നടത്തിയ സൈന്യം നാല് ഭീകരരെ വധിച്ചു. മൂന്ന് സൈനികര്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ രാവിലെ ഒമ്പതരയോടെ അവസാനിച്ചുവെന്ന് അറിയിപ്പുണ്ടായെങ്കിലും ഒരു മണിക്കൂറിനു ശേഷം വീണ്ടും വെടിയൊച്ചകള്‍ മുഴങ്ങി. താവളത്തിനു ചുറ്റും സുരക്ഷ തീര്‍ത്ത സൈന്യം അഞ്ചാമത്തെ ഭീകരനായുള്ള തിരച്ചിലിലായിരുന്നു പിന്നീട്. ഇതിനെത്തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയും സ്ഥലത്തെത്തിയിരുന്നു.

ആറ് ഭീകരര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് എത്തിയതെന്ന സംശയത്തെത്തുടര്‍ന്ന് പ്രദേശത്ത് സൈന്യം വ്യാപക തിരച്ചില്‍ നടത്തി. ഭീകരര്‍ രക്ഷപെടുന്നത് തടയാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും പത്താന്‍കോട്ട് ജമ്മു ഹൈവേയിലും സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. സൈന്യവും പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ അടക്കമുള്ളവ പരിശോധിച്ചു.

അതേസമയം പുതുവര്‍ഷ രാത്രിയില്‍ ഗുര്‍ദാസ്പുര്‍ പോലീസ് സുപ്രണ്ടിന്റെ വാഹനം ഭീകരര്‍ തട്ടിയെടുത്തിരുന്നു. ഈ വാഹനത്തിലാണ് പുലര്‍ച്ചെ ആക്രമണത്തിനായി ഭീകരര്‍ എത്തിയത്. സൈനിക വേഷത്തിലെത്തിയ സംഘമാണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചശേഷം കാര്‍ തട്ടിയെടുത്തത്. അദ്ദേഹത്തിന്റെ മൊബൈല്‍ഫോണും ഭീകരര്‍ തട്ടിയെടുത്തിരുന്നു. ഭീകരാക്രമണം നടത്തിയവര്‍ ഈ ഫോണ്‍ ഉപയോഗിച്ചാണ് ആസൂത്രകരുമായി ബന്ധപ്പെട്ടത്.

അതേസമയം പുതുവര്‍ഷത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ സൈന്യം ജാഗ്രത പാലിക്കുന്നതിനിടെ അതീവ സുരക്ഷാ മേഖലയില്‍ ഉണ്ടായ ആക്രമണം വന്‍ സുരക്ഷാ വീഴ്ചയായാണ് അന്ന് വിലയിരുത്തപ്പെട്ടത്. സമാധാന ശ്രമങ്ങള്‍ പുന:സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാഹോറില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഭീകരാക്രമണം നടന്നത്.

ആക്രമണം നടന്ന വ്യോമസേനാ താവളത്തിന് 50 കിലോമീറ്റര്‍മാത്രം അകലെയായിരുന്നു പാക്കിസ്താന്‍ അതിര്‍ത്തി. അതേസമയം യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സൂക്ഷിച്ചിട്ടുള്ള പ്രദേശത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളും എന്‍.എസ്.ജിയും പത്താന്‍കോട്ടില്‍ എത്തിയിരുന്നു.

വ്യോമത്താവളത്തിലുള്ള യുദ്ധവിമാനങ്ങള്‍ക്ക് നാശനഷ്ടം വരുത്താനാണ് ഭീകരര്‍ ഇത്തരത്തില്‍ ഒരു ആക്രണത്തിലൂടെ ശ്രമിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഹെലിക്കോപ്റ്ററുകള്‍ അടക്കമുള്ളവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വ്യോമസേനയ്ക്ക് സാധിച്ചു. അതേസമയം പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികരടക്കം 8 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ 5 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

പഞ്ചാബ് ഭീകരാക്രമണം ഇപ്രകാരമായിരുന്നു

  • പുതുവര്‍ഷ രാത്രിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഭീകരര്‍ തട്ടിയെടുക്കുന്നു. കാര്‍ തട്ടിയെടുത്ത വിവരം ലഭിച്ചതോടെ പഞ്ചാബിലെങ്ങും അതീവ ജാഗ്രത പ്രഖ്യാപിക്കുന്നു.
  • ജനുവരി രണ്ടിന് രാവിലെ മൂന്നുമണിയോടെ തട്ടിയെടുത്ത കാറില്‍ സൈനിക വേഷം ധരിച്ച ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളത്തിന് സമിപമെത്തുന്നു.
  • 3.30 ഓടെ വെടിയുതിര്‍ത്തുകൊണ്ട് വ്യോമതാവളം ആക്രമിക്കുന്നു.
  • ആക്രമണം തുടങ്ങിയതിനു പിന്നാലെ ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി) ക്ക് വിവരം ലഭിക്കുന്നു.
  • വൈകാതെ എന്‍.എസ്.ജി കമാന്‍ഡോള്‍ വ്യോമത്താവളത്തിന് ചുറ്റുമുള്ള വഴികള്‍ അടച്ച് സൈനിക നടപടി തുടങ്ങുന്നു.
  • അഞ്ചുമണിയോടെ വ്യോമതാവളത്തിലെ ഹെലികോപ്റ്ററുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു
  • ഒരുമണിക്കൂറുകള്‍ കഴിഞ്ഞതോടെ രണ്ട് ഭീകരെ വധിച്ചു.
  • രണ്ട് സൈനികര്‍ കൊല്ലപ്പെടുന്നു.
  • രണ്ട് ഭീകരരെ പിടികൂടാന്‍ കനത്ത ഏറ്റുമുട്ടല്‍. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായി സൂചന.
  • സംഘത്തില്‍ ആറ് ഭീകരരുണ്ടെന്ന് സൂചന ലഭിക്കുന്നു. നാല് ഭീകരര്‍ കൊല്ലപ്പെട്ടതിനു ശേഷവും ഏറ്റമുട്ടല്‍ തുടരുന്നു
  • 9.15 ഓടെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സുരക്ഷാ സേന തിരച്ചില്‍ തുടരുന്നു. പ്രദേശത്ത് കനത്ത് സുരക്ഷ.
  • പത്താന്‍ കോട്ട് – ജമ്മു കശ്മീര്‍ ഹൈവെ അടച്ചു. രണ്ട് സംസ്ഥാനങ്ങളിലും അതിവ ജാഗ്രത പ്രഖ്യാപിച്ചു.

Related Articles

Latest Articles