Saturday, May 18, 2024
spot_img

മുന്‍ചക്രം പുറത്ത് വന്നില്ല; അമേരിക്കയിൽ മുൻഭാഗം ഉരച്ച് ലാൻഡിങ് നടത്തി യാത്രാവിമാനം; ഒഴിവായത് വൻ ദുരന്തം

ന്യൂയോര്‍ക്ക് : മുന്‍വശത്തെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാർ മൂലം ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 717 വിമാനം നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് ഡഗ്ലസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്റെ മൂക്കും കുത്തിയുള്ള ലാൻഡിങ്ങിൽ യാത്രക്കാര്‍ക്കു പരിക്കില്ല.റണ്‍വേ അടച്ച് വിമാനം റണ്‍വേയില്‍നിന്നു മാറ്റിയിട്ടുണ്ട്.

96 യാത്രക്കാരും രണ്ട് പൈലറ്റുമാരും മൂന്നു ജീവനക്കാരുമടക്കം 101 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പറക്കുന്നതിനിടെ മുന്‍ചക്രത്തില്‍ പ്രശ്‌നമുള്ളതായി പൈലറ്റിനു മനസിലാക്കുകയും വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ടവര്‍ ഇതു സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ് അടിയന്തിര ലാൻഡിങ് നടത്താൻ തീരുമാനിച്ചത്.

മുന്‍വശത്തെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാർ മൂലം ലാൻഡിങ് മുന്‍ചക്രം പുറത്തേക്കു വന്നില്ല. ഇതോടെ വിമാനത്തിന്റെ മുന്‍ഭാഗം റണ്‍വേയില്‍ ഉരച്ചാണ് വിമാനം ഇറക്കിയത്. സംഭവം അന്വേഷിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

Related Articles

Latest Articles