Saturday, May 4, 2024
spot_img

തണുക്കാതെ മണിപ്പൂർ ; വെടിവയ്പ്പിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു

ഇംഫാൽ : അയവ് വരാതെ മണിപ്പൂരിലെ സംഘർഷം . മണികാങ്പൊക്പി ജില്ലയിൽ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.

കുക്കി വിഭാഗക്കാരുടെ ഗ്രാമമായ ഹരോതെലിൽ കലാപകാരികൾ അക്രമം അഴിച്ചുവിടുകയും ഇതിനെത്തുടർന്ന് രാവിലെ 5.30നാണ് സൈന്യം ഇവിടെ എത്തിയത്. ഇതോടെ സൈനികർക്ക് നേരെയും കലാപകാരികൾ വെടിവയ്ക്കുകയായിരുന്നുവെന്ന് ‌സൈനിക വക്താവ് അറിയിച്ചു. രാവിലെ 9 മണിവരെ ഏറ്റുമുട്ടൽ നീണ്ടു നിന്നു. മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരുക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.

കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്തെയ് വിഭാഗവും തമ്മിലാണ് മണിപ്പൂരിൽ സംഘർഷമുണ്ടായത് . മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ നടത്തിയ പ്രതിഷേധമാണ് പിന്നീട് സംഘർഷമായി വളർന്നത്.

മണിപ്പുരിലെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തെയ് ജനസംഖ്യയുടെ 64% വരും. മ്യാൻമറിൽ നിന്നു കുടിയേറിയ കുകികൾ, മണിപ്പുരിലെ മലനിരകളിൽ വാസമുറപ്പിക്കുകയായിരുന്നു. താഴ്വരയിലാണ് മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഭൂരിപക്ഷമായ തങ്ങൾക്കു 10% സ്ഥലം മാത്രമുള്ളപ്പോൾ,ന്യൂനപക്ഷമായ ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ പരാതി.

Related Articles

Latest Articles