Saturday, May 18, 2024
spot_img

ഉദ്യോഗസ്ഥ സംഘടനകളുടെ എതിർപ്പിൽ തല കുനിച്ച് സര്‍ക്കാര്‍; ആക്സസ് കണ്‍ട്രോള്‍ ശമ്പള വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കില്ല

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അകത്തേക്കുകയറാനും പുറത്തേക്ക് ഇറങ്ങാനും ആക്സസ് കൺട്രോൾ സംവിധാനം നടപ്പിൽ വരുത്തി ഈ സംവിധാനം ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ നടപ്പിലാക്കില്ല. ഉദ്യോഗസ്ഥ സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണിത്. അതേസമയം ആക്സസ് കൺട്രോൾ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കും. പ്രധാനകവാടങ്ങളിൽ മാത്രമാകും സംവിധാനം ഏർപ്പെടുത്തുക.

പഞ്ച് ചെയ്ത ശേഷം ജോലിചെയ്യാതെ മുങ്ങുന്ന ജീവനക്കാരെ പിടികൂടാൻ ഇന്നു മുതൽ ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താനായിരുന്നു നേരത്തേയെടുത്ത തീരുമാനം. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫിസിനു പുറത്തിറങ്ങിയാൽപോലും ശമ്പളം നഷ്ടപ്പെടുമെന്നും ഉദ്യോഗസ്ഥ സംഘടനകൾ ആരോപിച്ചിരുന്നു.

പുതിയ സംവിധാനപ്രകാരം നിലവിലുള്ള പഞ്ചിങ് കാർഡിനു പകരം പുതിയ കാർഡാകും ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്നത് . ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതിൽ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിങ് നടത്തണം. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കിൽ അത്രയും മണിക്കൂർ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്താനും അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കാനും നിർദേശമുണ്ടായിരുന്നു.

രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. രാവിലെ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരന് ഉച്ചഭക്ഷണ സമയത്ത് മാത്രമേ ഓഫിസ് സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ സാധിക്കുമായിരുന്നുള്ളൂ. സംവിധാനം നിലവിൽ വന്നാൽ ഔദ്യോഗിക ആവശ്യത്തിനായി ഒരു ബ്ലോക്കിൽനിന്ന് മറ്റൊരു ബ്ലോക്കിലേക്ക് പോകുന്നവർക്കു പോലും ശമ്പളം നഷ്ടപ്പെടുമെന്നായിരുന്നു ഉദ്യോഗസ്ഥ സംഘടനകളുടെ ആരോപണം .ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ആക്സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിനായി പൊതു ഖജനാവിൽ നിന്ന് 1.97 കോടി രൂപ ചെലവാക്കി ഉപകരണങ്ങളും വാങ്ങിയിരുന്നു.

Related Articles

Latest Articles