Friday, May 17, 2024
spot_img

ക്യാമറകൾ സ്ഥാപിച്ചതിൽ കാണിച്ച ഉത്സാഹം പണം നൽകുന്നതിൽ സർക്കാർ കാട്ടിയില്ല !ആദ്യഘട്ടമായി നൽകാനുള്ള 11.79 കോടിരൂപ സർക്കാർ കൈമാറിയില്ല; ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടി കെൽട്രോൺ

തിരുവനന്തപുരം : എഐ ക്യാമറകൾ സ്ഥാപിച്ചതിൽ കാണിച്ച ഉത്സാഹം പണം നൽകുന്നതിൽ കാട്ടാതായതോടെ കെൽട്രോൾ പ്രതിസന്ധിയിൽ. പദ്ധതിയുടെ ആദ്യഘട്ടമായി നൽകാനുള്ള 11.79 കോടി രൂപ സർക്കാർ കൈമാറിയിട്ടില്ല. തുക കൈമാറാൻ കഴിഞ്ഞമാസം 18ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുക ലഭിക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടുകയാണ് കെൽട്രോൺ. ഒരു മാസം ഒരു കോടിയോളം രൂപയാണ് എഐ ക്യാമറ പദ്ധതിക്കായി കെൽട്രോണിനു സ്വന്തം പോക്കറ്റിൽ നിന്ന് ചെലവു വരുന്നത്. സെപ്റ്റംബറിലാണ് ആദ്യ ഗഡു കിട്ടേണ്ടിയിരുന്നത്.

ഒരു മാസം 3 മുതൽ 4 ലക്ഷം ചലാനുകളാണ് നിയമലംഘനം നടത്തിയവരുടെ വിലാസത്തിലേക്ക് അയയ്ക്കുന്നത്. ഒരു ചലാൻ അയയ്ക്കുന്നതിന് 20 രൂപയാണു ചെലവ്. ചലാനുകൾ അയയ്ക്കാൻ 146 താൽക്കാലിക ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു 30 ലക്ഷത്തിനു മുകളിൽ തുക ചെലവു വരുന്നുണ്ട്. മറ്റ് അനുബന്ധ ചെലവുകൾകൂടി കണക്കിലെടുക്കുമ്പോൾ പ്രതിമാസ ചെലവ് ഒരു കോടിയിലെത്തും. കോടതിയിൽ കേസുള്ളതിനാൽ കൃത്യസമയത്ത് പണം ലഭിക്കില്ലെന്ന ആശങ്ക കെൽട്രോണിനുണ്ടായിരുന്നു.

എഐ ക്യാമറ ഇടപാടിൽ അഴിമതിയുണ്ടെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിന്മേൽ കരാറുകാർക്കു പണം നൽകുന്നത് ഹൈക്കോടതി ജൂണിൽ തടഞ്ഞെങ്കിലും ആദ്യ ഗഡുവായ 11.79 കോടിരൂപ കെൽട്രോണിനു നൽകാൻ കഴിഞ്ഞ മാസം ഹൈക്കോടതി അനുമതി നൽകി. ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കും അനുമതിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധ കരാർ കെൽട്രോൺ കഴിഞ്ഞ മാസം ഗതാഗതവകുപ്പിനു കൈമാറിയിരുന്നു. ചർച്ചകൾക്കുശേഷം അന്തിമ തീരുമാനമെടുക്കും. ആദ്യകരാറിൽനിന്നു കാര്യമായ മാറ്റങ്ങൾ അനുബന്ധ കരാറിലില്ല. വാഹനങ്ങൾ ഇടിച്ചു നശിക്കുന്ന ക്യാമറകളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കാനാകില്ലെന്നു കെൽട്രോൺ ഗതാഗത വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles