കാസ്ഗഞ്ച്: സ്നേഹം ഒരാളെ അന്ധനാക്കുന്നുവെന്ന് സാഹിത്യപരമായി പറയാറുണ്ട് . പ്രണയത്തിലാകുവാൻ ജാതിയോ പ്രായമോ കാലമോ പലപ്പോഴും പ്രതിബന്ധങ്ങളാകാറില്ല. യഥാർത്ഥ സ്നേഹം വിശദീകരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയപ്പെടുന്നു അത് അനുഭവിച്ചറിയാൻ മാത്രമേ സാധിക്കൂ. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് സമാനമായ ഒരു സംഭവം പുറത്തു വന്നിരിക്കുകയാണ്. മകന്റെ ഭാവി അമ്മായിയമ്മയുമായി ഒളിച്ചോടിയിരിക്കുകയാണ് കാസ്ഗഞ്ച് സ്വദേശിയും ഇ-റിക്ഷാ ഡ്രൈവറുമായ ഷക്കീൽ. എസ്പിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്തു.
കഴിഞ്ഞ മാസം അഞ്ചാം തീയതി നടന്ന സംഭവത്തിൽ ഷക്കീലിനും ഇയാളുടെ മകൾക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ മകൾ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ടുകളുണ്ട്. രണ്ട് മാസം മുമ്പാണ് ഷക്കീൽ തന്റെ മകനായി സുഹൃത്തിന്റെ മകളെ വിവാഹം ആലോചിച്ച് മുന്നോട്ടു വരുന്നത്. ഷക്കീലുമായി കഴിഞ്ഞ 28 വർഷമായി തനിക്ക് അടുപ്പമുണ്ടായിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
ഈദ് ദിനമായ ജൂൺ 17നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ജൂൺ 3 ന് ഷക്കീൽ പെൺകുട്ടിയുടെ അമ്മയുമായി ഒളിച്ചോടുകയായിരുന്നു .ഷക്കീൽ പത്ത് കുട്ടികളുടെ പിതാവാണ്, സ്ത്രീക്ക് ആറ് കുട്ടികളുണ്ട്. പെൺകുട്ടിയുടെ പിതാവ് ഷക്കീലിനെയും അമ്മയെയും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിനെ സമീപിക്കുകയും സംഭവത്തിൽ പരാതി നൽകുകയും ചെയ്തു. പോലീസിനും ഇവരെ കണ്ടെത്താനാകാത്തതിനാൽ പെൺകുട്ടിയുടെ പിതാവ് എസ്പിയെ സമീപിക്കുകയും വിഷയത്തിൽ സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു.

