Saturday, April 27, 2024
spot_img

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; ഏഴ് ആനകള്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പ്! ഉച്ച കഴിഞ്ഞ് 2 മണി മുതൽ രാത്രി 10.30 വരെ ഭക്തർക്ക് ദർശനം

കൊച്ചി: ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ മകം തൊഴൽ ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ രാത്രി പത്തര വരെയാണ് ഭക്തർക്ക് മകം ദർശനത്തിനായി നട തുറക്കുക. ഒന്നരലക്ഷത്തോളം ഭക്തർ മകം ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ.

പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകൾക്ക് തുടക്കമായി. ശേഷം ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. തുടർന്ന് ഏഴ് ആനകൾ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം നടക്കും.

ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനായി നട തുറക്കുക. ഉച്ചയ്‌ക്ക് ഒന്ന് മുതൽ മൂന്നുവരെ സ്പെഷ്യൽ നാദസ്വരം ഉണ്ടാകും. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്‌ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക്. തുടർന്ന് മകം വിളക്കിനെഴുന്നളളിപ്പ്. സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴിയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.

മലയാള മാസമായ കുംഭത്തിൽ മകം നക്ഷത്രം വരുന്ന ദിവസമാണ് മകം തൊഴൽ ആചരിക്കുക. ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ദിവസേന ആയിരക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു. ദുരിതങ്ങൾക്ക് ശമനം ഉണ്ടാവാൻ, വിവാഹം നടക്കാൻ, സാമ്പത്തിക പുരോഗതി നേടാൻ, പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ രോഗം മാറാൻ ബാധ ഉപദ്രവം മാറാൻ, മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം എന്നിങ്ങനെയുള്ള പ്രശ്ന പരിഹാരം തേടിയാണ് ഭക്തർ ഇവിടെ മകം തൊഴുന്നത്. മകം തൊഴാനെത്തുന്നത് കൂടുതലും സ്ത്രീകളാണ്. അന്ന് ദേവിയെ ദർശിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.

Related Articles

Latest Articles