ചേർത്തല: വടക്കേ അങ്ങാടി കവലക്ക് സമീപത്തെ എസ്.ജെ ജിംനേഷ്യത്തിലേക്ക് തോട്ട എറിഞ്ഞ സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു. തണ്ണീർമുക്കം പഞ്ചായത്ത് 11ാം വാർഡിൽ പുത്തനങ്ങാടി കിഴക്കേ വളഞ്ഞവഴി അനന്തു (അമ്പാടി -28), ചള്ളിയിൽ മുഹമ്മദ് ഷാഫി (29) എന്നിവരാണ് പിടിയിലായത്.
മൂന്നാം പ്രതിയായ അനന്തുവിന്റെ വാഹനത്തിലാണ് മുഖ്യപ്രതികൾ ആക്രമണത്തിന് എത്തിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് പട്ടാണിശ്ശേരി കോളനി വിപിൻ (28), ആറാം വാർഡ് കുറുപ്പംകുളങ്ങര ചന്ദ്രാത്ത് അഖിൽ (28) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തിൽ വിട്ടയച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പതിന് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടുപേരാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇവിടെ പരിശീലനത്തിനെത്തിയ കളവംകോടം മുല്ലൂർ വീട്ടിൽ പ്രസീദിനാണ് (27) പരിക്കേറ്റത്. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

