ദില്ലി : ന്യൂയോർക്ക്-ദില്ലി എയർഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച സംഭവത്തിൽ
പ്രതി ശങ്കർ മിശ്രയുടെ അവസാന ടവർ ലൊക്കേഷൻ ബെംഗുളൂരുവെന്ന് കണ്ടെത്തിയതായി ദില്ലി പോലീസ്.
പ്രതിയെ പിടികൂടാനായി രണ്ട് സംഘത്തെ നിയോഗിച്ചു.
ഒരു സംഘം ബെംഗുളൂരുവിലെത്തിയാണ് അന്വേഷണം നടത്തുന്നത്.ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശങ്കർ മിശ്ര അവധിയിൽ പ്രവേശിച്ചതായാണ് വിവരം. പ്രതി വിദേശത്തേക്ക് കടക്കാതെയിരിക്കാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയുടെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രതി. ഇയാളുടെ മുംബൈയിലെ വിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ന്യൂയോർക്ക് ദില്ലി വിമാനത്തിൽ വെച്ച് സഹയാത്രിക്ക് നേരെ മൂത്രമൊഴിച്ചെന്നാണ് ഇയാൾക്കെതിരായ പരാതി. കേസുമായി ബന്ധപ്പെട്ട് നാല് വിമാനക്കമ്പനി ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. കൂടുതൽ പേരെ ചോദ്യംചെയ്യും. അതേ സമയം വീഴ്ച്ചകൾ ആവർത്തിക്കാൻ പാടില്ലെന്ന് കാട്ടി എയർ ഇന്ത്യ സിഇജ ജീവനക്കാർക്ക് കത്ത് അയച്ചു, വീഴ്ച്ചകൾ ആവർത്തിക്കരുതെന്നും പ്രശ്മങ്ങളുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

