Friday, May 3, 2024
spot_img

ഗോവയിലെ ആഡംബര ഹോട്ടൽ മുറിയിൽ നാലു വയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവം !പോലീസിന്റെ ചോദ്യങ്ങൾക്ക് നിർവികാരം മറുപടി പറഞ്ഞ് സുചന ! 6 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

ബെംഗളൂരു ∙ ഗോവയിലെ ആഡംബര ഹോട്ടൽ മുറിയിൽ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് ഒട്ടും പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്ന വെളിപ്പെടുത്തലുമായി പോലീസ്. കുട്ടിയുടെ മരണത്തെപ്പറ്റിയും അതിലെ പങ്കിനെപ്പറ്റിയും ചോദിക്കുമ്പോൾ നിർവികാരമായും നിസ്സാരമായുമാണ് പ്രതി മറുപടി നൽകുന്നത്.
കൃത്യത്തിന് പിന്നാലെ ഇവർ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കയ്യിലെ മുറിപ്പാട് കണ്ടു തിരക്കിയപ്പോഴാണ് ആത്മഹത്യാശ്രമത്തെപ്പറ്റി അറിഞ്ഞത്. അതേസമയം സുചനയെ ഗോവയിലെ മപുസ ടൗൺ കോടതി 6 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

മലയാളിയായ ഭർത്താവ് പി.ആർ.വെങ്കട്ടരാമനെതിരെ സുചന ഗാർഹിക പീഡന പരാതി നൽകിയിരുന്നു. വിവാഹമോചന കേസിന്റെ വിചാരണ നടക്കവേ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കുട്ടിയെയും തന്നെയും ശാരീരികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ഒരു കോടിയിലധികം രൂപ വാർഷിക വരുമാനമുള്ള വെങ്കട്ടരാമൻ പ്രതിമാസം 2.5 ലക്ഷം രൂപ ജീവനാംശം നൽകണമെന്നും ഇവർ കോടതിയിൽ ആവശ്യപ്പെട്ടു. തനിക്കെതിരായുള്ള സുചനയുടെ ആരോപണങ്ങൾ വെങ്കട്ടരാമൻ നിഷേധിച്ചു.

ഹോട്ടലിലെ മുറിയിൽനിന്നു ചുമയ്ക്കുള്ള സിറപ്പുകൾ കണ്ടെത്തി. ഉയർന്ന ഡോസിൽ കുട്ടിക്ക് കഫ് സിറപ്പ് നൽകി മയക്കി കിടത്തിയശേഷം തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചു കൊന്നുവെന്നാണ് പ്രാഥമിക വിവരം . ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നിന്ന് വെങ്കട്ടരാമൻ ഇന്നലെ രാത്രി ചിത്രദുർഗയിലെ ഹിരിയൂരിലെത്തി പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങി.

ശനിയാഴ്ച കുഞ്ഞിനൊപ്പം റിസോർട്ടിൽ മുറിയെടുത്ത സുചന ഇന്നലെ രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ല. ബെംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്‌സി വേണമെന്ന ആവശ്യവുമായി റിസപ്ഷനിസ്റ്റിനെ സമീപിച്ച അവരോട് ടാക്സി കൂലിയെക്കാൾ കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു.

തുടര്‍ന്ന് ടാക്‌സിയില്‍ ബ്രീഫ്‌കെയ്‌സുമായി അവര്‍ ബെംഗളൂരുവിലേക്കു പുറപ്പെട്ടു. മുറി ഒഴിഞ്ഞതിന് പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിക്കുകയും . തുടർന്ന് വിവരം പോലീസിന് കൈമാറുകയുമായിരുന്നു.

പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നും തെറ്റായ ഒരു വിലാസം നല്‍കുകയും ചെയ്തു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കണ്ടെത്തിയത്.

Related Articles

Latest Articles