Saturday, May 18, 2024
spot_img

കോയമ്പത്തൂർ കാർ സ്‌ഫോടന കേസ് ;അന്വേഷണം കേരളത്തിലേക്കും

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കോയമ്പത്തൂർ ഉക്കടത്ത് കോട്ടമേട് ക്ഷേത്രത്തിന് സമീപം കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (29)വിയ്യൂർ ജയിലിൽ കഴിയുന്ന ഐഎസ് കേസ് പ്രതി മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടതായി സൂചന ലഭിച്ചതിനു പിന്നാലെയാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചത്.

ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ തൃശൂരിൽ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ സ്‌ഫോടനത്തിനു മുൻപ് മുബിൻ വിയ്യൂരിൽ എത്തിയത് എൻഐഐ കേസ് പ്രതി അംജദ് അലിയെ കാണാൻ വേണ്ടിയാണെന്നും മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജയിലിലെ സന്ദര്‍ശക റജിസ്റ്റര്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.

സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിൽ പങ്കുണ്ടെന്നു കരുതുന്ന 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മുബിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഹമ്മദ് ധൽഹ (25), മുഹമ്മദ് അസ്ഹറുദ്ദീൻ(23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മ‌യിൽ (27) എന്നിവരാണ് പിടിയിലായത്. 1998 ഫെബ്രുവരി 14ന് 59 പേർ കൊല്ലപ്പെടുകയും 200ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്‌ത കോയമ്പത്തൂർ സ്ഫോടന പരമ്പരക്കേസിൽ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അൽ ഉമ്മയുടെ സ്ഥാപകൻ എസ്.എ.ബാഷയുടെ സഹോദരന്റെ പുത്രനാണ് അറസ്റ്റിലായ മുഹമ്മദ് ധൽഹ. കൊല്ലപ്പെട്ട ജമേഷ മുബിനെ ഐഎസ് കേസിൽ നേരത്തെ എൻഐഎ ചോദ്യം ചെയ്‌തിരുന്നെങ്കിലും വിട്ടയച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ മുബിനും അറസ്റ്റിലായവരും ശനിയാഴ്‌ച രാത്രി ചാക്കിൽ കനമുള്ള വസ്തു പൊതിഞ്ഞ് ചുമന്ന് കാറിൽ കയറ്റുന്നതായി വ്യക്തമായിരുന്നു. എന്നാൽ മുബിന്റെ വീട് മാറ്റവുമായി ബന്ധപ്പെട്ട് സാധനങ്ങൾ പുതിയതായി താമസം മാറ്റിയ വീട്ടിലേക്ക് മാറ്റുകയെന്നായിരുന്നു പ്രതികളുടെ മൊഴി. കാർ സ്‌ഫോടനത്തിനു ഉപയോഗിച്ച കാർ ഏർപ്പെടുത്തിയത് മുഹമ്മദ് ധൽഹയാണെന്ന് പൊലീസ് പറയുന്നു.

Related Articles

Latest Articles