Saturday, April 27, 2024
spot_img

ശബരിമല ഉത്സവം പ്രമാണിച്ച് പമ്പയിൽ നടന്ന ആറാട്ടിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയത് ഗുരുതര കൃത്യവിലോപം ! സ്ത്രീകൾ ഉൾപ്പെടെ വളരെ നിരവധിയാളുകൾ പങ്കെടുത്ത ആറാട്ടിൽ ഉദ്യോഗസ്ഥരെത്തിയില്ല ! ത്രിവേണിയിൽ മരണം ആവർത്തിച്ചിട്ടും നടപടിയെടുക്കാൻ വകുപ്പിന് താൽപര്യമില്ലെന്ന് ഭക്തർ

പമ്പ : ഈ വർഷത്തെ ശബരിമല ഉത്സവം പ്രമാണിച്ച് പമ്പയിൽ നടന്ന ആറാട്ടിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയില്ല. സ്ത്രീകൾ ഉൾപ്പെടെ വളരെ നിരവധി ആളുകളാണ് ആറാട്ടിന്റെ ഭാഗമനായി പമ്പയിൽ എത്തിയത്. വന്നതിൽ ഭൂരിഭാഗം പേരും പമ്പ സ്നാനം നടത്തുകയും, ബലി ഇടുകയും ചെയ്തു. പമ്പനദി ത്രിവേണിചെറിയ പാലത്തിന്റെ താഴെ ഇപ്പോൾ അപകടം പതിയിരിക്കുന്ന സ്ഥലമാണ്.

ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് പമ്പനദിയിൽ കാലാ കാലം ചെയ്യണ്ട ശുചീകരണവും, കയം നികത്തലും കുറേ നാളായി പ്രഹസനം മാത്രമായി നടക്കുന്നു എന്നാണ് ഭക്തരിൽ നിന്നുയരുന്ന ആരോപണം. ഈകഴിഞ്ഞ മാസപൂജയ്ക്ക് നട തുറന്നപ്പോൾ നീലഗിരി സ്വദേശി രാജപ്പൻ എന്ന ആൾ ത്രിവേണിയിലുള്ള ചെറിയ പാലത്തിന്റെ താഴെ കയത്തിൽ മരണപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ മരിച്ചത് ആരെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ആളെ തിരിച്ചറിയാൻ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ അറിയിപ്പ് കൊടുത്തു. അങ്ങനെയാണ് രാജപ്പൻ എന്ന ആളെ തിരിച്ചറിഞ്ഞത്.

ഈ കയത്തിൽ തന്നെ ഒരു വർഷത്തിന് ഇടയിൽ ഇപ്പോൾ നാലാമത്തെ മരണമാണ്. ത്രിവേണി കൊച്ചു പാലത്തിന്റെ താഴേക്ക് വെള്ളം ചാടി സൃഷ്ടിക്കപ്പെടുന്ന വലിയ കയമാണ് അപകടകാരി. അതിന്റെ ഉള്ളിൽ തുണികളും കല്ലുകളും അട്ടി കിടക്കുകയാണ്. ഒരാൾ ഉള്ളിൽ പെട്ടാൽ നീന്ത് അറിയും എങ്കിലും രക്ഷയില്ല. മുകളിൽ കെട്ടിൽ കൂടി നടന്നാലും കാൽ വഴുതി ഉള്ളിൽ വീഴും. ആരും നിയന്ത്രിക്കാനുമില്ല. ഈ സ്ഥലം ആരുടെ നിയന്ത്രണത്തിലാണ് എന്ന് അറിയുമ്പോൾ ആണ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് കടന്നു വരുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം ഈ വിഭാഗം കോടികൾ ചിലവിട്ടു പമ്പയിൽ. കണക്കുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷം ഈ കയം നികത്തുകയോ പമ്പനദി ശുചീകരിക്കുകയോ ചെയ്തതായി അറിവില്ല എന്നാണ് ഭക്തർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ പണം കൈപ്പറ്റിയതായി രേഖകൾ പറയുന്നു. ഇത്രയും അപകടം നില നിൽക്കുമ്പോൾ അവിടെ പാലത്തിനു താഴെ ഒരു കയർ മാത്രം വലിച്ചു കെട്ടിയിട്ടുണ്ട്.

ഈ വിഷയങ്ങൾ ബന്ധപ്പെട്ടവർ അന്വേഷണം നടത്തുകയും, ഉത്തരവാദികൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുകയും വേണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു. വളരെ ഗൗരവം ഉള്ള ഒരു വിഷയമായി പോലീസും, ദേവസ്വം ബോർഡും ഇതിനെ കാണണമെന്നും പ്രസാദ് ആവശ്യപ്പെട്ടു.

ഒരിക്കലും ഒരു മുങ്ങി മരണം ഇനി പമ്പയിൽ ഉണ്ടാകാൻ പാടില്ല, അതിനുള്ള അവസരങ്ങൾ പഴുതടച്ചുകൊണ്ട് പരിഹരിക്കണം.ആറാട്ട് ദിവസം ഇറിഗേഷന്റെ ഉത്തരവാദിത്വപ്പെട്ടവരും പമ്പ ഓഫീസിൽ ഇല്ലാതെ പോയത് ഗുരുതര വീഴ്ച തന്നെയാണ്. ഓഫീസിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഇന്നലയേ ഉദ്യോഗസ്ഥർ പോയി എന്നാണ്. താത്കാലിക രണ്ട് തൊഴിലാളികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.ഭാഗ്യത്തിന് മറ്റ് അപകടങ്ങൾ അന്ന് അവിടെ നടന്നില്ല.ഗുരുതരമായ കൃത്യവിലോപനമാണ് പമ്പയിൽ സംഭവിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നാണ് അയ്യപ്പഭക്തരുടെ ആവശ്യം .

Related Articles

Latest Articles