തത്ത്വമയി ടി വിയും ഹരിബോൽ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഡോക്യൂഫിക്ഷന്റെ വിളക്കുകൊളുത്തൽ ചടങ്ങ് നടന്നു. ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപമുള്ള രാജശേഖര മണ്ഡപത്തിലാണ് ചടങ്ങുകൾ നടന്നത്. സാമൂഹിക പ്രവർത്തകനും എച്ച് ആർ ഡി എസ് വൈസ് പ്രസിഡന്റുമായ കെ ജി വേണുഗോപാൽ അദ്ധ്യക്ഷനായ ചടങ്ങിൽ കോഴിക്കോട് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ആചാര്യശ്രീ എം ആർ രാജേഷ് അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും ഭാരതീയ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകുമായ ജെ നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ, ആർട്ട് ഓഫ് ലിവിംഗ് നാഷണൽ ഡയറക്ടർ ജയചന്ദ്രൻ, പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ മുരളീധരൻ തഴക്കര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ശബരിമല ക്ഷേത്രവും, വിശ്വാസവും, ചരിത്രവും സമഗ്രമായി പ്രതിപാദിക്കുന്ന ഡോക്യുമെന്ററി ചിത്രമാണ് പതിനെട്ടിനുമപ്പുറം. പാൻ ഇന്ത്യ പ്രേക്ഷകർക്കുവേണ്ടി മൂന്നു ഭാഷകളിലാണ് ഈ ഡോക്യൂഫിക്ഷൻ നിർമ്മിക്കുന്നത്. ഭാരതത്തിലെ ഒരു പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമിന് വേണ്ടിയാണ് നിർമ്മാണം. സുപ്രസിദ്ധ സ്വാപാന സംഗീതജ്ഞൻ അഖിൽ യശ്വന്തിന്റെ സ്വാപാന സംഗീതത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തിരുവാഭരണ വാഹക സംഘത്തിലെ കുളത്തിനാൽ ഉണ്ണികൃഷ്ണൻ സ്വാമി, മരുതമന ശിവൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ശരണംവിളിയുടെ അകമ്പടിയിലായിരുന്നു ദീപപ്രോജ്ജ്വലനം
ചടങ്ങിൽ തത്ത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള സ്വാഗതവും, ശബരിമല ആചാര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പൃഥ്വിപാൽ കൃതജ്ഞതയും പറഞ്ഞു. തത്ത്വമയി ടി വി ഓപ്പറേഷൻസ് ഹെഡും ഡോക്യൂമെന്ററിയുടെ സംവിധായകനുമായ സനോജ് നായർ പ്രോജെക്ട് വിശദീകരിച്ചു. സമൂഹത്തിന്റെ നാനാമേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

