Friday, May 17, 2024
spot_img

ഗവർണർറുടെ സഞ്ചാര പാത എസ്.എഫ്.ഐക്കാർക്ക് ചോർത്തി നൽകിയത് പൊലീസ് അസോസിയേഷനിലെ നേതാവ്, സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ പുറത്തു വിട്ടതും സ്പെഷ്യൽ ബ്രാഞ്ചിലെ ഈ ഉദ്യോഗസ്ഥൻ, കാർ തടഞ്ഞ 17 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സഞ്ചാരപാത എസ്എഫ്ഐയ്‌ക്ക് ചോർത്തി നൽകിയത് പൊലീസ് അസോസിയേഷനിലെ ഉന്നത നേതാവെന്ന് ഇൻ്റലിജൻസ് കണ്ടെത്തി. .സ്വർണക്കടത്തു കേസ് കത്തിനിൽക്കെ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെക്കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ശബ്ദരേഖ റെക്കോർഡ് ചെയ്യിപ്പിച്ചതും ഏറെക്കാലമായി സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചിലുള്ള ഈ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു. അതേസമയം, കാർ തടഞ്ഞ എസ്.എഫ്.ഐക്കാരെ മന്ത്രി മുഹമ്മദ് റിയാസ് പിന്തുണച്ചു. സമരക്കാർക്ക് ഷേക്ക് ഹേൻ്ഡ് നൽകണമെന്നും റിയാസ് പറഞ്ഞു.

രാജ് ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഗവർണർ, തൻ്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ എസ്.എഫ്. ഐ പ്രവർത്തകർക്ക് ഇടയിലേക്ക് കാറിൽ നിന്നിറങ്ങിരൂക്ഷമായി മുഖ്യമന്ത്രിയെവിമർശിച്ചിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. സമരക്കാരും അമ്പരന്നുപോയി.

മൂന്നിടത്തു കാർ തടഞ്ഞ് കരിങ്കൊടി കാട്ടിയതോടെയാണ് ഗവർണർ നേരിട്ട് ഇറങ്ങിയത്.

‘കമോൺ, ആവോ, മുഛേ മാരോ’ (വരൂ, എന്നെ അടിക്കൂ) എന്നു പറഞ്ഞ് അവർക്കിടയിലേക്ക് ചെല്ലുകയായിരുന്നു. മൂന്നു സംഭവങ്ങളിലുമായി 17 പേരെ അറസ്റ്റു ചെയ്തു. ഏഴുപേരെ റിമാൻഡ് ചെയ്തു.

പാളയത്ത് യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് മുന്നിലും ജനറൽ ആശുപത്രിക്കു മുന്നിലും പേട്ട പള്ളിമുക്കിലുമായിരുന്നു പ്രതിഷേധം. യൂണിവേഴ്‌സിറ്റിയുടെ മുന്നിൽ മുപ്പതോളം പേരാണ് വാഹനം തടഞ്ഞുവച്ച് ബോണിറ്റിലും കാറിൻ്റെ വിൻഡോയിലും ഇടിച്ചത്.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്നെ കായികമായി നേരിടാൻ ശ്രമിക്കുന്നതെന്ന് നടുറോഡിൽ നിന്ന് ഗവർണർ കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് ശ്രമിച്ചപ്പോൾ, അവരുടെ ഇടയിലേക്ക് ചെന്നു. പൊലീസ് പൊടുന്നനെ ഗവർണർക്ക് സുരക്ഷാ വലയം തീർത്തു. ‘സീനിയർ ഓഫീസർ എവിടെ’ എന്നായി ഗവർണർ. ശംഖുംമുഖം എ.സി.പി അനുരൂപ് ഓടിയെത്തി. ‘അറസ്റ്റ് ദിസ് ബ്‌ളഡി ക്രിമിനൽസ് ‘എന്ന് രോഷാകുലനായി നിർദേശിച്ചു. പൊലീസുകാർ പ്രതിഷേധക്കാരിൽ ചിലരെ ജീപ്പിൽ കയറ്റി.

Related Articles

Latest Articles