Sunday, October 4, 2026

ഇതിഹാസം കളമൊഴിഞ്ഞു !!വിരമിക്കൽ പ്രഖ്യാപിച്ച് ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍

ദില്ലി : ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വനിതാ ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഭാവിയില്‍ താന്‍ ഒരു പരിശീലകന്റെയോ ഉപദേശകന്റെയോ റോള്‍ ഏറ്റെടുക്കുമെന്നും താരം സൂചന നല്‍കി.

‘ഒരുപാട് ആലോചിച്ചതിന് ശേഷം, ജിംനാസ്റ്റിക്‌സില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ തീരുമാനം എനിക്ക് എളുപ്പമായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ശരിയായ സമയമാണെന്ന് തോന്നുന്നു. ജിംനാസ്റ്റിക്‌സ് എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്, എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവളാണ്’ ദിപ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.

റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരത്തിന് മെഡല്‍ തലനാരിയഴ്ക്കാണ് നഷ്ടമായത്. ജിംനാസ്റ്റിക്‌സിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രൊദുനോവ് വോള്‍ട്ട് അവതരിപ്പിച്ച ദീപ, വോള്‍ട്ട് ഫൈനലില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. വെങ്കല മെഡല്‍ വെറും 0.15 പോയിന്റിനാണ് ദിപക്ക് അന്ന് നഷ്ടമായത്. ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഹിരോഷമിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ദിപ വെങ്കല മെഡൽ നേടി. പിന്നീട് പരിക്കുൾപ്പെടെയുള്ള തിരിച്ചടികള്‍ നേരിട്ടെങ്കിലും ദീപ തിരിച്ചുവരവ് നടത്തി. ഈ വര്‍ഷം മെയില്‍ നടന്ന ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക്‌സ് താരമായി ദിപ മാറി.

Related Articles

Latest Articles