ചെറുപുഴ: നാട്ടുകാരുടെ മനസ്സിൽ ഭീതി പടർത്തി, രാത്രി കാലങ്ങളിൽ ഉറക്കം കെടുത്തി ചെറുപുഴയിലും പരിസര പ്രദേശത്തും വിളയാട്ടം തുടരുന്ന അജ്ഞാതന്റെ ദൃശ്യം സിസിടിവിയിൽ. കഴിഞ്ഞ ദിവസം രാത്രിയിൽ പെരുന്തടം ചങ്ങാതിമുക്കിൽ കല്ലംമാക്കൽ സുധയുടെ വീട്ടിലെ സിസിടിവിയിലാണ് ഇയാളുടെ ദൃശ്യം പതിഞ്ഞത്. എന്നാൽ ആളെ വ്യക്തമായി തിരിച്ചറിയാനായിട്ടില്ല.
ഇന്നലെയും സുധയുടെ ഉൾപ്പെടെ ഒട്ടേറെ വീടുകളിൽ എത്തിയ ഇയാൾ, ഭിത്തിയിൽ ബ്ലാക്ക്മാൻ എന്നെഴുതി കടന്നു കളഞ്ഞിരുന്നു. മുൻപും വിവിധ വീടുകളുടെ ഭിത്തികളിലും മതിലുകളിലും കരി കൊണ്ട് എഴുതിയും ചിത്രം വരച്ചും ഇയാൾ ഭീതി പരത്തിയിരുന്നു. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രാപ്പൊയിൽ ഈസ്റ്റിൽ വെള്ളിയാഴ്ച രാത്രി അജ്ഞാതൻ എത്തിയിരുന്നു. വ്യാഴാഴ്ച രാത്രി കരി കൊണ്ടു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്ത വീടുകളുടെ സമീപത്തെ വീടുകളിലാണു വെള്ളിയാഴ്ച രാത്രി അജ്ഞാതന്റെ വിളയാട്ടം ഉണ്ടായത്. വീടുകൾക്കു പുറമേ വെള്ളിയാഴ്ച ഗോക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ ഭിത്തിയുടെ ഇരുവശങ്ങളിലും കരി കൊണ്ടു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തു.
ചിലയിടങ്ങളിൽ ഇംഗ്ലിഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്. ഒരിടത്ത് എക്സ്മാൻ അല്ലെന്നും ബ്ലാക്ക്മാനാണെന്നും എഴുതിയിട്ടുണ്ട്. കോഴിക്കാമൂളയിൽ സെബാസ്റ്റ്യന്റെ വീടിന്റെ ഭിത്തിയിൽ എഴുതുകയും സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസിൽ ചിത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഞ്ഞിലിക്കൽ ജോസഫിന്റെ ഭിത്തിയിൽ എഴുതിയ ശേഷം വാതിലിൽ ശക്തമായി അടിച്ചു ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ഈ സമയം ജോസഫ് ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ശബ്ദം കേട്ടു ലൈറ്റ് ഇട്ടു നോക്കിയെങ്കിലും ആരെയും കാണാനില്ലായിരുന്നു.

