Thursday, January 8, 2026

അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണം ! ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു

ദില്ലി : അലഹബാദ് ഹൈക്കോടതി വളപ്പില്‍ സർക്കാർ പാട്ടത്തിനു നൽകിയിരുന്ന ഭൂമിയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മൂന്ന് മാസത്തിനുള്ളില്‍ ഉത്തരവ് പ്രകാരം മസ്ജിദ് നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികളുമായി മുൻപോട്ടു പോകാമെന്ന് ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2017-ല്‍ തന്നെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരേ വഖഫ് മസ്ജിദും യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഈ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയായി മാറിയതെന്നും കോടതി ചോദിച്ചു.

അതെസമയം മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി മറ്റൊരു ഭൂമി അനുവദിച്ചു നല്കാൻ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ, നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

മസ്ജിദുമായുള്ള പാട്ടക്കരാര്‍ 21 വർഷങ്ങൾക്കു മുമ്പ് 2002-ല്‍ തന്നെ റദ്ദാക്കിയതായും ഈ ഭൂമി ഹൈക്കോടതിയുടെ വികസന പ്രവർത്തങ്ങൾക്കായി കൈമാറിയതാണെന്നും യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഹൈക്കോടതി വളപ്പില്‍ അല്ലെന്നും ഹൈക്കോടതിക്ക് മുന്നിലെ റോഡിന് അപ്പുറത്ത് ആണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Related Articles

Latest Articles