Sunday, January 11, 2026

അപ്പാർട്ട്മെന്റിലെ പാര്‍ക്കിങ് ഏരിയയില്‍ അമ്മ കിടത്തി ഉറക്കി; കാർ കയറി തെലുങ്കാനയിൽ 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ് : അപ്പാർട്ട്മെന്റിലെ പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയുടെ മേൽ കാർ കയറിയിറങ്ങി കുട്ടി മരിച്ചു. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിന്റെ സമീപ പ്രദേശമായ ഹയാത്‌നഗറിലാണ് സംഭവം. ലക്ഷ്മി എന്ന പെൺകുട്ടിയാണ് മരിച്ചത്. ഹരി രാമകൃഷ്ണ എന്നയാൾ കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ കാർ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു.

അപ്പാർട്ട്മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞാണ് ലക്ഷ്മിയെന്നാണ് വിവരം. പുറത്ത് നല്ല വെയിലായതിനാൽ ജോലി സമയത്ത് കുഞ്ഞിനെ കാർ പാർക്കിങ് ഏരിയയിൽ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. നിലത്ത് തുണി വിരിച്ച് കിടത്തിയിരുന്ന കുഞ്ഞ് അധികം വൈകാതെ ഉറങ്ങുകയും ചെയ്തു. ഇതൊന്നുമറിയാതെ അപ്പാർട്ട്മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാർ പാർക്കു ചെയ്യുന്നിടത്തേക്ക് പോകുമ്പോഴാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. സ്ഥിരം പാർക്ക് ചെയ്യുന്ന സ്ഥലമായതിനാൽ വേണ്ടത്ര ശ്രദ്ധിക്കാതെയാണ് ഇയാൾ കാർ ഓടിച്ചെത്തിയത്.

കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നാണ് ഹരി പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. കുട്ടിയെ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Latest Articles