Thursday, May 16, 2024
spot_img

വിനീഷ്യസ് ജൂനിയറിനെതിരായ ട്വീറ്റ് ; ഖേദപ്രകടനവുമായി ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ്

മാഡ്രിഡ്: ലാലിഗയിലെ വംശീയാധിക്ഷേപ വിഷയത്തില്‍ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരെ ചെയ്ത ട്വീറ്റിന്റെ പേരില്‍ താരത്തോട് മാപ്പ് പറഞ്ഞ് ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ്.

ട്വിറ്ററിലെ തന്റെ അഭിപ്രായ പ്രകടനം ശരിയായില്ലെന്ന് തുറന്നു സമ്മതിച്ച ടെബാസ് അതില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു. തന്റെ ഉദ്ദേശം വിനീഷ്യസിനെ ആക്രമിക്കുകയായിരുന്നില്ലെന്നും ആ നിമിഷത്തില്‍ പെട്ടെന്നുണ്ടായ തോന്നലാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും ടെബാസ് പറഞ്ഞു. ”വിനീഷ്യസിനോടും ഞാന്‍ വിനീഷ്യസിനെ ആക്രമിക്കുകയാണെന്ന് തോന്നിയ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.” – ടെബാസ് റോയിറ്റേഴ്‌സിനോട് പറഞ്ഞു.

ഈ സീസണില്‍ വിനീഷ്യസിനെതിരേ നടന്ന 10 വംശീയാധിക്ഷേപ സംഭവങ്ങള്‍ ലാ ലിഗ പ്രോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ലിഗയില്‍ മേയ് 21-ന് വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. വലന്‍സിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത്. ഗാലറിയിലെ ഒരു വശത്തിരുന്നവർ താരത്തെ തുടര്‍ച്ചയായി കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. അധിക്ഷേപം അതിരു കടന്നതോടെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ഗാലറിയില്‍ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ താരത്തിന് നേരേ തിരിഞ്ഞു. പിന്നീട് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. പുനരാരംഭിച്ച മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ വലന്‍സിയ താരം ഹ്യൂഗോ ഡ്യുറോയുമായി വഴക്കിലേർപ്പെട്ട വിനീഷ്യസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.

മത്സര ശേഷം സമൂഹ മാദ്ധ്യമത്തിൽ പ്രതികരണവുമായി വിനീഷ്യസ് രംഗത്തെത്തി. ഇത് ആദ്യത്തെ സംഭാവമല്ലെന്നും ലാ ലിഗയില്‍ വംശീയാധിക്ഷേപം സാധാരണമാണെന്നും വിനീഷ്യസ് കുറിച്ചു. ഒരുകാലത്ത് റൊണാള്‍ഡീഞ്ഞ്യോ, റൊണാള്‍ഡോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരുടേതായിരുന്ന ഈ ചാമ്പ്യന്‍ഷിപ്പ് ഇപ്പോള്‍ വംശവെറിയന്‍മാരുടേതാണെന്നാണ് വിനീഷ്യസ് തുറന്നടിച്ചത്.

Related Articles

Latest Articles