ലക്നൗ ∙ ഉത്തർപ്രദേശിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മുന്‍ എംപിയുമായ അതീഖ് അഹമ്മദിന്‍റെയും സഹോദരന്റെയും കൊലപാതകം പോലീസ് പുനഃസൃഷ്ടിച്ചു. പ്രയാഗ്‍രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിടെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അതീഖ് അഹമ്മദും സഹോദരന്‍ അഷ്റഫും വെടിയേറ്റു കൊല്ലപ്പെട്ടത്. ആ രംഗം അതേ രീതിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടത്തിൽ പുനഃസൃഷ്ടിക്കുകയായിരുന്നു. കേസിലെ പ്രതികളായ ലവ്‍ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരെയും ഈ സമയം സ്ഥലത്തെത്തിച്ചിരുന്നു. തുടർന്ന് കൊലപാതകം നടന്ന സ്ഥലത്ത് ജുഡീഷ്യല്‍ അന്വേഷണ സംഘവും പരിശോധന നടത്തി.
അതേസമയം, കൃത്യം നടത്താൻ പ്രതികളെ സഹായിച്ച മൂന്നുപേരെ ബണ്ഡ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യ്തു . അതീഖ് അഹമ്മദിന്‍റെ ഭാര്യ ഷായിസ്ത പര്‍വീണിനു വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള പരാതികള്‍ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ട്.

