Saturday, October 31, 2026

പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ! മൃതദേഹത്തിൽ മർദ്ദനമേറ്റതിന് സമാനമായ പാടുകള്‍ ; കൊലപാതകമെന്ന ആരോപണവുമായി മരിച്ച ഇന്ദുജയുടെ കുടുംബം

തിരുവനന്തപുരം∙ പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി മരിച്ച ഇന്ദുജയുടെ കുടുംബം. ഇന്ദുജയുടെ കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മർദ്ദനമേറ്റതിന് സമാനമായ പാടുകള്‍ ഉണ്ടെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും ഇന്ദുജയുടെ ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മർദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും മകളെ അഭിജിത്ത് ഉപദ്രവിച്ച് കെട്ടിത്തൂക്കി കൊന്നുവെന്നും ഇന്ദുജയുടെ പിതാവ് ആരോപിച്ചു.
“കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണം. പഠിപ്പിച്ച് മകളെ നല്ല രീതിയിലാണ് വളര്‍ത്തിയത്. പല വിവാഹാലോചനകളും വന്നിരുന്നു. എന്നാൽ അഭിജിത്ത് അതെല്ലാം മുടക്കി. വിവാഹം കഴിച്ച് വീട്ടില്‍ എത്തിയിട്ടും അഭിജിത്തിന്റെ അമ്മ അംഗീകരിച്ചിരുന്നില്ല. അവള്‍ക്കു വീട്ടില്‍ സ്ഥാനമില്ലെന്നാണ് പറഞ്ഞത്. അവരെല്ലാം ചേര്‍ന്നാണ് മകളെ ഉപദ്രവിച്ചത്.”- ഇന്ദുജയുടെ പിതാവ് പറഞ്ഞു.

പാലോട് – ഇടിഞ്ഞാര്‍ – കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) യെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് പറയുന്നത് .രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും നാലുമാസം മുന്‍പാണ് വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പുകാരണം ഇന്ദുജയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്ഷേത്രത്തില്‍വച്ച് താലിചാര്‍ത്തി ഒന്നിച്ചു താമസിക്കുകയായിരുന്നു.

Related Articles

Latest Articles