നയ്റോബി: കെനിയയിൽ മതപ്രഭാഷകൻറെ വാക്ക് കേട്ട് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം നൂറിനോട് അടുക്കുന്നു.കുട്ടികളുടേതടക്കം 95 മൃതദേഹങ്ങളാണ് പൊലീസ് ഇതുവരെ കണ്ടെടുത്തത്.മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. മരണം കാത്ത് പട്ടിണി കിടന്ന 34 പേരെ പൊലീസ് രക്ഷപെടുത്തി.ഗുഡ് ന്യൂസ് ഇന്‍റർനാഷണൽ ചർച്ചിലെ പ്രഭാഷകനായ പാസ്റ്റർ പോൾ മാക്കൻസി ദൈവത്തെ കാണുന്നതിന് മരണം വരെ ഉപവസിക്കണം എന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഷാകഹോല വനത്തിൽ വിശ്വാസികൾ പട്ടിണി കിടന്നു. പ്രദേശത്ത് കെനിയന്‍ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒരു കുടുംബത്തിലെ 5 പേരുടെ കുഴിമാടം ഉൾപ്പടെ ഇവിടെ നിന്നും കണ്ടെത്തിയതായി പൊലീസ് പറയുന്നു. 800 ഏക്കറോളം വിശാലമായ വനത്തിൽ കൂടുതൽ പരിശോധന നടത്തുകയാണെന്ന് ആദ്യന്തര മന്ത്രി കിഥൂർ കിന്‍സികി വ്യക്തമാക്കി. ഈ മേഖലയിൽ നിന്ന് ഇതിനു മുമ്പും 112 പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.കെനിയയിലെ റെഡ് സൊസൈറ്റിയുടെ കണക്കു പ്രകാരം ഇനിയും 213 പേരെ കണ്ടെത്താനുണ്ട്. മരണപ്പെട്ടവരുടെ സംസ്കാരം നടത്തിയത് ആരാണെന്നത് ഉൾപ്പടെ പരിശോധിച്ച് പൊലീസ് തെളിവ് ശേഖരിക്കുകയാണ്

