Friday, May 3, 2024
spot_img

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പ്രതിപക്ഷം പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുത് !മികച്ച ഭരണമുള്ളപ്പോൾ ഭരണവിരുദ്ധതയ്ക്ക് സ്ഥാനമില്ല; പാർലമെന്റിന്റെ ശീതകാല സമ്മേളനം അടുത്തിരിക്കെ പ്രതിപക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം

ദില്ലി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയത്തിന്റെ നിരാശ പ്രതിപക്ഷം പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ, ദയവുചെയ്ത് പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുത്. സാധാരണക്കാരന്റെ ക്ഷേമത്തിനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുമായി പ്രവർത്തിക്കുന്നവർക്ക് തിരഞ്ഞെടുപ്പ് ഫലം ആവേശകരമാണ്. നിങ്ങളുടെ നല്ലതിനായാണ് പറയുന്നത്. ഒമ്പത് വർഷമായി പ്രതിപക്ഷം തുടരുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിച്ച് ക്രിയാത്മകമായി മുന്നോട്ടുപോകണം. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് നിർണായക സ്ഥാനമാണുള്ളതെന്ന് മനസ്സിലാക്കണം

പരാജയങ്ങളിൽനിന്ന് പ്രതിപക്ഷം പാഠം ഉൾക്കൊള്ളണം. നിങ്ങൾ ക്രിയാത്മകമായി മുന്നോട്ടുപോയാൽ പുതിയ വാതിലുകൾ തുറക്കപ്പെടും. രാജ്യതാൽപര്യത്തെ മുൻനിർത്തിയുള്ള ക്രിയാത്മക നടപടികളെ പിന്തുണയ്ക്കണം. വിദ്വേഷം പലരീതിയിലും പടർന്നുപിടിക്കുന്നുന്ന സാഹചര്യത്തിൽ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത് നിഷേധാത്മകമായ പ്രതിഛായയാണ് ഉണ്ടാക്കുക. സ്ത്രീകൾ, യുവാക്കൾ, കർഷകർ, പാവപ്പെട്ടവർ എന്നിങ്ങനെ നാല് ജാതിയേ രാജ്യത്ത് ഉള്ളൂ. ഈ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ശരിയായ നയങ്ങൾ രൂപീകരിക്കുന്നവരെ അവർ പിന്തുണയ്ക്കും. മികച്ച ഭരണമുള്ളപ്പോൾ ഭരണവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും വികസനം പാതിവഴിയിൽ ഉപേക്ഷിക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ല” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അതേസമയം, ഡിസംബർ 22 വരെ നടക്കുന്ന ശീതകാല സമ്മേളനത്തിൽ ക്രിമിനൽ നിയമങ്ങളുടെ പരിഷ്‌കാരം ഉൾപ്പെടെ അതിപ്രധാനമായ 18 ബില്ലുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുള്ളറ്റിനിൽ 18 ബില്ലുകളും പട്ടികപ്പെടുത്തിയിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം,ക്രിമിനൽ നടപടി ക്രമം, തെളിവ് നിയമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതിൽ പ്രധാനപ്പെട്ടത്.

നിയമങ്ങളുടെ പേര് ഉൾപ്പെടെ മാറുമെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു.ഭാരതീയ ന്യായ സംഹിത എന്നാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി എത്തുന്ന നിയമത്തിന്റെ പേര്. ക്രിമിനൽ നടപടി ക്രമത്തിന് പകരമായെത്തുന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ്. ഭാരതീയ സാക്ഷ്യ ബിൽ എന്നാണ് തെളിവ് നിയമത്തിന് പകരമെത്തുന്ന നിയമത്തിന്റെ പേര്

Related Articles

Latest Articles