Saturday, November 14, 2026

ഷുഹൈബ് വധക്കേസ് ; ആകാശിനെ പൂട്ടാൻ പിണറായിയുടെ പോലീസ് കോടതിയിൽ,ജാമ്യം റദ്ദാക്കാൻ നീക്കം

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ ഹർജി നൽകി.തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേനയാണ് പോലീസ് ഹർജി നൽകിയത് ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിന്റെ റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം താനാണ് ഷുഹൈബിനെ വധിച്ചതെന്നും ഇപ്പോൾ തള്ളിപ്പറയുന്നത് അംഗീകരിക്കില്ലെന്നും ആകാശ് ഫേസ്ബുക്കിലെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.

അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. ആകാശിനെ അനുകൂലിക്കുന്നവർ പാർട്ടിക്ക് പുറത്ത് പോകുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാർട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജൻ പാർട്ടി അനുയായികൾക്ക് താക്കീത് നൽകിയിരുന്നു.എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധയാത്ര കണ്ണൂരെത്തും മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

Related Articles

Latest Articles