Saturday, May 18, 2024
spot_img

കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈയിലേക്ക് മാറ്റി; കേരളത്തിലെ റെയിൽവേ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിലാകുമോ ?

പത്തനംതിട്ട : കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതല വഹിക്കുന്ന കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം ഓഫിസിലേക്കു മാറ്റി. നിലവിൽ 2 ചീഫ് എൻജിനീയർ തസ്തികകളാണു കൊച്ചി ഓഫിസിലുള്ളത്.

ചീഫ് അഡ്മിനിട്രേറ്റീവ് ഓഫിസറും ചീഫ് എൻജിനീയർ (സൗത്ത്) വരുന്ന ജൂൺ മാസം വിരമിക്കുകയാണ് ഇതിനിടെ ചീഫ് എൻജിനീയറെ (നോർത്ത്) ചെന്നൈ നിർമ്മാണ വിഭാഗം ഓഫീസിലേക്ക് മാറ്റുന്നതോടെ കേരളത്തിലെ റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗത കുറയുമെന്നാണ് കരുതപ്പെടുന്നത്. പാതകളിലെ വേഗം കൂട്ടുന്ന പദ്ധതികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കാനിരിക്കെയാണ് പ്രധാന ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നത് പദ്ധതികളെ ദോഷകരമായി ബാധിക്കും.

ചെന്നൈയിലെ നിർമാണ വിഭാഗം ഓഫിസിൽ 6 ചീഫ് എൻജിനീയർമാരുടെ തസ്തിക നിലവിലുള്ളപ്പോഴാണ് കേരളത്തിന്റെ തസ്തികകൂടി അവിടേക്കു മാറ്റുന്നത്. 6 ചീഫ് എൻജിനീയർമാർക്കുള്ള പണി തന്നെ തമിഴ്നാട്ടിൽ ഇല്ലെന്നാണ് ആരോപണം. ഇക്കഴിഞ്ഞ രണ്ടിനാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. എറണാകുളം മുതൽ മംഗളൂരു വരെയുള്ള പണികളാണു ചീഫ് എൻജിനീയർ (നോർത്ത്) മേൽനോട്ടത്തിൽ നടന്നിരുന്നത്.

എറണാകുളം മുതൽ തിരുനെൽവേലി വരെയുള്ള നിർമാണ ജോലികളാണ് ചീഫ് എൻജീനിയർ (സൗത്ത്) മേൽനോട്ടത്തിൽ ചെയ്യുന്നത്. എറണാകുളം–തുറവൂർ, തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ, നേമം ടെർമിനൽ നിർമാണം,എറണാകുളം–ഷൊർണൂർ മൂന്നും നാലും പാത, കൊല്ലം, തിരുവനന്തപുരം, വർക്കല, എറണാകുളം, തൃശൂർ, കോഴിക്കോട് സ്റ്റേഷൻ നവീകരണ പദ്ധതികൾ തുടങ്ങിയ പദ്ധതികൾ കേരളത്തിലുണ്ടെന്നിരിക്കെ ഉദ്യോഗസ്ഥരെ കുറയ്ക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കും.

Related Articles

Latest Articles