Monday, May 13, 2024
spot_img

കർണാടക തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുള്ള വിവാദ പരാമർശം : സോണിയയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പരാതി

ദില്ലി : ഇന്ത്യയിൽനിന്ന് കർണാടകയെ ‘വേർപെടുത്തണമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബിജെപി നേതൃത്വം. സംഭവത്തിൽ ഉടനടി കർശന നടപടിയെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് എഴുതി നൽകിയ പരാതിയിൽ ബിജെപി ആവശ്യപ്പെടുന്നത്.

‘‘കർണാടകയുടെ യശസ്സിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താൻ കോൺഗ്രസ് ആരെയും അനുവദിക്കില്ല’’ എന്നായിരുന്നു പ്രചാരണ റാലിയിക്കിടെ സോണിയയുടെ പ്രസ്താവന. പിന്നാലെ സോണിയയെ ഉദ്ധരിച്ച് കോൺഗ്രസ് ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രംഗത്തെത്തി.

കർണാടകയെ ഇന്ത്യയിൽനിന്ന് വേർപെടുത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്നു മോദി ആരോപിച്ചു. ‘‘ആ ട്വീറ്റ് ദേശീയവാദികളും സമാധാനപ്രേമികളും പുരോഗമനക്കാരും ആഗോളമായി അറിയപ്പെടുന്നവരുമായ കർണാടകയിലെ ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ഗൂഢശ്രമമാണ്. കർണാടകയുടെ സ്ഥിരതയും ഐക്യവും ശാന്തിയും തകർക്കുകയാണ് ലക്ഷ്യം. ചില സമുദായങ്ങളുടെയോ സംഘങ്ങളുടെയോ വോട്ടും പിന്തുണയും ഉറപ്പാക്കാനാണിത്. ഇന്ത്യയിലെ ഒരു സംസ്ഥാനം എന്ന കാഴ്ചപ്പാടിനെ തകർക്കുന്ന പ്രസ്താവനയാണിത്.’’– ബിജെപി ആരോപിച്ചു.

സ്വാതന്ത്ര്യ സമരത്തിലും ശേഷവും വിവിധ മേഖലകളിൽ രാജ്യത്തിന്റെ മുൻനിരയിലുള്ളവരെ അപമാനിക്കുന്ന പരാമർശമാണിത്. ഇന്ത്യയിലെ അതിപ്രധാന സംസ്ഥാനങ്ങളിലൊന്നാണ് കർണാടകയെന്നും ബിജെപി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ, കോൺഗ്രസിന്റെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles