Friday, May 3, 2024
spot_img

കേരളത്തിൽ എൻഡിഎയുടെ പ്രചാരണത്തിന് കരുത്തേകാൻ പ്രധാനമന്ത്രിയെത്തി! ആലത്തൂരിലും ആറ്റിങ്ങലിലും പ്രചാരണ പരിപാടികൾ നടക്കും

എറണാകുളം: : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് പൊതുസമ്മേളനങ്ങൾ ഇന്ന് നടക്കും.

രാവിലെ 10-ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്രമോദി പോകുന്നത്. കുന്നംകുളത്തെ
പരിപാടിയിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.എൻ സരസുവും തൃശ്ശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിയും പങ്കെടുക്കും. കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രിമാരും തിരുവനന്തപുരത്തെയും ആറ്റിങ്ങലിലേയും സ്ഥാനാർത്ഥികളുമായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വേദിയിലുണ്ടാകും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മാർച്ച് 19ന് പാലക്കാട് സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനും പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണത്തിന് വേണ്ടിയും പ്രധാനമന്ത്രി എത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കാട്ടാക്കടയിൽ ഇന്ന് രാവിലെ 10 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടയ്‌ക്കും. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒന്നും കടത്തിവിടില്ല. കാട്ടാക്കടയിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതൽ പ്രധാനമന്ത്രി മടങ്ങും വരെ യാതൊരുവിധ പാർക്കിംഗും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles