Wednesday, May 22, 2024
spot_img

ആരിഫിന് കോടികൾ കമ്മീഷൻ കിട്ടുമായിരുന്നത് പോയതിന്റെ പ്രശ്നം !

ജനപ്രതിനിധികളടക്കമുള്ളവർക്കു താത്പര്യമില്ലെങ്കിൽ, ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുമെന്നു റെയിൽവേയുടെ മുന്നറിയിപ്പ് ഇന്നലെയാണ് പുറത്തു വന്നത്. വന്ദേഭാരത് വന്നശേഷം പാസഞ്ചർ തീവണ്ടികൾ പിടിച്ചിടുന്നതിനെതിരേയും സമയക്രമം തെറ്റുന്നതിനെതിരേയും എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തിൽ, ഒരുവിഭാഗം യാത്രക്കാർ പ്രതിഷേധിച്ചതിനു പിന്നാലെയാണു റെയിൽവേയുടെ ഈ നീക്കം. ഇപ്പോഴിതാ, കെ റെയിലിന്റെ വേണ്ടി വന്ദേഭാരതിനെതിരെ സമരം ചെയ്യുന്ന എംപി എ എം ആരിഫിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വ്യാജ പ്രചരണം നടത്തി, നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാടിൻ്റെ വികസനത്തിന് തുരങ്കം വെക്കരുതെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ ആലപ്പുഴയിലെ ജനങ്ങൾക്ക് നൽകിയ സമ്മാനവും സൗഭാഗ്യവുമാണ് വന്ദേഭാരത് എക്സ്പ്രസ്സ്. അതിനായി എംപി ആരിഫ് ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്ന് ഞങ്ങൾക്ക് ഒക്കെ അറിവുള്ളതാണ്. പക്ഷേ ആ ജാള്യത മറയ്ക്കാൻ, ഏത് വിധേനയും വന്ദേഭാരത് എക്സ്പ്രസിനെ ആലപ്പുഴയ്ക്ക് ഇല്ലാതാക്കാൻ ശ്രമിക്കരുത് എന്ന് സന്ദീപ് വാചസ്പതി തുറന്നടിച്ചു. വന്ദേഭാരത് വന്നതോടെ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി എന്ന തോന്നലുണ്ടാക്കി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്, ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല. വന്ദേഭാരത് സര്‍വീസുകള്‍ രണ്ട് പാസഞ്ചര്‍ സര്‍വീസുകളെ ബാധിച്ചുവെന്ന പ്രചാരണം, അടിസ്ഥാനരഹിതമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല വന്ദേഭാരതിനു വേണ്ടി ഇവയുടെ സമയം പുനഃക്രമീകരിച്ചതോടെ യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ ലാഭിക്കാനും, സമയക്രമം കൂടുതലായി പാലിക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ യാഥാർത്ഥ്യം മറച്ചു വെച്ചാണ് എംപി ആരിഫ് ഇപ്പോൾ വന്ദേഭാരത് എക്സ്പ്രസിനെതിരെ കള്ള പ്രചരണം നടത്തുന്നതെന്നും സന്ദീപ് വാചസ്പതി തുറന്നടിച്ചു. എം.പി നടത്തിയ കള്ള പ്രചരണം നാടിന് ദ്രോഹമാകാൻ പോവുകയാണ്. ആലപ്പുഴയ്ക്ക് വേണ്ടെങ്കിൽ വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വഴി ഓടിക്കാമെന്ന് റയിൽവെ അറിയിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട എം.പിയോട് ഒരു അഭ്യർത്ഥന ഉണ്ട്. സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്. നിങ്ങളുടെ പാർട്ടിക്ക് കോടികൾ കമ്മീഷൻ കിട്ടുമായിരുന്ന കെ റയിൽ നടക്കാത്തതിൽ ഉള്ള വൈരാഗ്യം, ജനങ്ങളെ ദ്രോഹിച്ച് തീർക്കരുത്. വന്ദേഭാരതിന് എതിരായ കള്ള പ്രചരണത്തിൽ നിന്ന് ഉടൻ പിന്മാറണമെന്നാണ് സന്ദീപ് വാചസ്പതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ സർവീസ് സുഗമമാക്കുന്നതിനായി, ആലപ്പുഴയ്ക്കും കായംകുളത്തിനുമിടയിൽ സർവീസ് നടത്തുന്ന രണ്ടു പാസഞ്ചറുകളുടെ സമയം റെയിൽവേ പരിഷ്കരിച്ചിരുന്നു. എന്നിട്ടും ഈ തീവണ്ടികൾ വൈകിയോടുന്നതായി ആരോപിച്ചാണു കഴിഞ്ഞദിവസം യാത്രക്കാരും എ.എം. ആരിഫ് എം.പി.യുമടക്കം പ്രതിഷേധിച്ചത്. ഇതേത്തുടർന്നാണു റെയിൽവേ നിലപാടു വ്യക്തമാക്കിയത്.

Related Articles

Latest Articles