Sunday, June 16, 2024
spot_img

കേരളം ഉയര്‍ത്തിയ ചോദ്യം ഉത്തരമില്ലാതെ അവസാനിക്കുന്നു . ദുരൂഹത ഒഴിയാതെ ജസ്‌ന തിരോധാനം |jesna

ജെസ്ന എവിടെയെന്ന് കേരളം ഉയര്‍ത്തിയ ചോദ്യം ഉത്തരമില്ലാതെ അവസാനിക്കുകയാണ്…ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ദുരൂഹതകൾ ഒഴിയുന്നില്ല ,ജെസ്നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് സി ബി ഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നീണ്ടവർഷത്തെ അന്വേഷണത്തിനൊടുവിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കോടതി നിലപാട് നിർണായകമാവും.

2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജെസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. വീട്ടിൽ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം. ജെസ്നയുടെ അവസാന സന്ദേശം അയാം ഗോയിങ് ടു ഡൈ എന്നായിരുന്നു എന്നും പറയുന്നു. കണ്ടെത്താൻ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്റെ നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചെന്നായിരുന്നു കേരള പൊലീസിന്റെ കണ്ടെത്തൽ. അത്തരം തെളിവൊന്നും ലഭിച്ചില്ലെന്നാണു സിബിഐ നിലപാട്. മതപരിവർത്തന കേന്ദ്രങ്ങളിലും സിബിഐ പരിശോധന നടത്തി. നിർണായകമായ ആദ്യ 48 മണിക്കൂറിൽ കേരള പൊലീസ് ഒന്നും ചെയ്തില്ലെന്ന് സിബിഐ കുറ്റപ്പെടുത്തുത്തിയിരുന്നു . കേരള പോലീസ് ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊർജിതമാക്കിയത്.

മക്കളെ നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ. എന്റെ മകളും തിരിച്ചുവരും. അവളെ കണ്ടെത്താനാകും”. ഒരുമാസം മുൻപ് കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ തിരിച്ചുകിട്ടിയപ്പോൾ, ജെസ്‌നയുടെ അച്ഛന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ജെസ്‌ന കാണാതായ ദിവസം എരുമേലിയിൽ നിന്ന് ബസിൽ മുണ്ടക്കയത്തേക്ക് പോയതു കണ്ടവരുണ്ട്. ജെസ്നയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിനുശേഷം വിവരം ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ജെസ്ന തിരോധാനം ദുരൂഹതകള്‍ ഒഴിയാതെ അവസാനിക്കും..

Related Articles

Latest Articles