Tuesday, October 13, 2026

നിഖിൽ തോമസ് ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റ് തന്നെ !നിഖിൽ തോമസ് എന്ന വിദ്യാർത്ഥി പഠിച്ചിട്ടില്ലെന്ന് കലിംഗ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ

കോട്ടയം : സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു കലിംഗ സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി . സർവകലാശാലാ രേഖകളിൽ ഇങ്ങനെയൊരു പേരില്ലെന്നു റജിസ്ട്രാർ സന്ദീപ് ഗാന്ധി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ ആരംഭിക്കാൻ നിയമവിഭാഗത്തിനു നിർദേശം നൽകിയതായും കേരള സർവകലാശാല ബന്ധപ്പെട്ടാൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായി.

നിഖിൽ തോമസിന്റെ വിഷയത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

‘‘നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അദ്ധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി ?. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. റായ്പുരിൽനിന്ന് കായംകുളത്തേക്ക് വിമാന സർവീസ് ഇല്ലല്ലോ. വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കിൽ പൊലീസിൽ പരാതി നൽകും. കലിംഗ അറിയാതെ നൽകിയതാണെങ്കിൽ യുജിസിയെ അറിയിക്കും.’’– വൈസ് ചാൻസലർ പറഞ്ഞു.

Related Articles

Latest Articles