Sunday, May 19, 2024
spot_img

ഹിജാബ് ശരിയായി ധരിച്ചില്ല; 14 പെൺകുട്ടികളുടെ തല മൊട്ടയടിച്ച് ഇന്തോനേഷ്യയിലെ സ്‌കൂൾ !സംഭവം ഇക്കഴിഞ്ഞ ബുധനാഴ്ച ഈസ്റ്റ് ജാവയിലെ ലമോംഗനിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ജൂനിയർ ഹൈസ്‌കൂൾ എസ്എംപിഎൻ 1 ൽ

ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്നാരോപിച്ച് ഇന്തോനേഷ്യയിലെ ഒരു സ്‌കൂൾ 14 പെൺകുട്ടികളുടെ തല ഭാഗികമായി മൊട്ടയടിച്ചു. സംഭവം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ചതെന്ന വാദവുമായി സ്‌കൂൾ ഹെഡ്മാസ്റ്റർ രംഗത്ത് വന്നിട്ടുണ്ട്.

270 മില്യൺ ജനസംഖ്യയുള്ള ഇന്തോനേഷ്യയിൽ യാഥാസ്ഥിതിക പ്രദേശങ്ങളിൽ ഇപ്പോഴും വസ്ത്രധാരണ നിയമങ്ങൾ കണിശതയോടെ നടപ്പിലാക്കപ്പെടുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. സ്‌കൂളുകളിൽ നിർബന്ധിത ഡ്രസ് കോഡുകൾ നിരോധിക്കാൻ 2021-ൽ രാജ്യം നീങ്ങിയിരുന്നെങ്കിലും ഇക്കാര്യത്തിൽ പിന്നീട് വലിയ പുരോഗതി ഉണ്ടായില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈസ്റ്റ് ജാവയിലെ ലമോംഗനിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ജൂനിയർ ഹൈസ്‌കൂൾ എസ്എംപിഎൻ 1 ൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.സംഭവത്തിൽ സ്‌കൂൾ മാപ്പ് പറയുകയും ഉത്തരവാദിയായ അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം സംഭവം വിവാദമായതോടെ സ്‌കൂൾ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുമായി മധ്യസ്ഥ ചർച്ച നടത്തി തടിത്തപ്പാനുള്ള ശ്രമത്തിലാണ് സ്‌കൂൾ അധികൃതർ..

വിദ്യാർത്ഥിനികൾക്ക് ഹിജാബിനകത്ത് ധരിക്കുന്ന തൊപ്പികൾ ധരിക്കാൻ നിർദേശിച്ചിരുന്നെങ്കിലും വിദ്യാർത്ഥിനികൾ അത് പാലിച്ചില്ലെന്നും ഇതുമൂലം അവരുടെ ശിരോവസ്ത്രത്തിന്റെ അരികുകൾ ദൃശ്യമാകുകയും ചെയ്തതാണ് അദ്ധ്യാപികയെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം.

അദ്ധ്യാപികയുടെ നടപടിയെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി അപലപിക്കുകയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്തോനേഷ്യയിലെ എക്കാലത്തെയും ഭയപ്പെടുത്തുന്ന സംഭവങ്ങളിലൊന്നാണ് ഇതെന്നാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ ഇന്തോനേഷ്യൻ ഗവേഷകനായ ആൻഡ്രിയാസ് ഹർസോനോ സംഭവത്തെ വിശേഷിപ്പിച്ചത്.

ഇന്തോനേഷ്യയിൽ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. 2021-സ്‌കൂൾ വിദ്യാർത്ഥിനികളുടെ തെറ്റായി ധരിച്ചതിന് ഹിജാബ് ബലമായി മുറിക്കുകയോ ഹിജാബ് ധരിക്കാത്തതിന് പുറത്താക്കുകയോ ചെയ്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് പ്രധാന മതങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്ന രാജ്യമായ ഇന്തോനേഷ്യയിൽ വർദ്ധിച്ചുവരുന്ന മത അസഹിഷ്ണുതയെക്കുറിച്ചുള്ള ആശങ്കകൾക്ക് ഈ സംഭവങ്ങൾ അടിവരയിടുന്നുവെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.

Related Articles

Latest Articles