Sunday, January 11, 2026

കാലവർഷം ഇന്നെത്തും! സംസ്ഥാനത്ത് 7 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്കുപിന്നാലെ സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കേരളത്തിൽ 7 ദിവസം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, കൊച്ചിയിൽ രാത്രി മഴ വിട്ട് നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവിൽ കുറഞ്ഞ് വരികയാണ്. തുടർച്ചയായി രണ്ട് ദിവസം വെള്ളം കയറിയ മൂലേപ്പാടം, വി ആർ തങ്കപ്പൻ റോഡിലാണ് രൂക്ഷമായ പ്രതിസന്ധി. വെള്ളം ഇറങ്ങി വീടു വൃത്തിയാക്കി മണിക്കൂറിനുള്ളിലാണ് ഇന്നലെ വൈകിട്ടത്തെ മഴയിൽ വീണ്ടും നിരവധി വീടുകളിൽ വെള്ളം കയറിയത്. അശാസ്ത്രീയമായി നിർമ്മിച്ച കലുങ്കുകളും, തോടുകളുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി.

Related Articles

Latest Articles