Saturday, November 14, 2026

150 കിലോമീറ്റർ വേഗതകൊണ്ട് വിമർശകരെ വായടപ്പിച്ച താരം !പരിക്ക് മൂലം ഒന്നും ആകാനാകാതെ പോയ കരിയർ ! 35-ാം വയസിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ പേസർ

ലഖ്നൗ: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍. കഴിഞ്ഞ ആഭ്യന്തര സീസണൊടുവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും ആരോണ്‍ വിരമിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി പന്തെറിഞ്ഞ ആരോണിന് നാല് കളികളില്‍ മൂന്ന് വിക്കറ്റ് മാത്രമെ വീഴ്ത്താൻ സാധിച്ചിരുന്നുള്ളു. വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡ് ക്വാര്‍ട്ടറിലെത്താതെ പുറത്തായതിന് പിന്നാലെയാണ് ആരോണിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യൻ സീനിയർ ടീമിലേക്ക് മടങ്ങിയെത്താൻ സാധിക്കില്ലെന്ന തിരിച്ചറിവും വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നിലുണ്ട്.

2010-2011 സീസണില്‍ 21-ാം വയസില്‍ വിജയ് ഹസാരെയിലൂടെയായിരുന്നു ആരോണ്‍ ശ്രദ്ധേയനായത്. സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞതോടെ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ മുഖമായി ആരോണ്‍ മാറുമെന്ന് ഏവരും കരുതി. വൈകാതെ തന്നെ താരം ദേശീയ ടീമിലെത്തി.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ആരോണിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യന്‍ കുപ്പായത്തില്‍ ഒമ്പത് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വരുണ്‍ ആരോണ്‍ 14 ഇന്നിംഗ്സുകളില്‍ നിന്ന് 18 വിക്കറ്റുകള്‍ സ്വന്തമാക്കി. 97 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ് പ്രകടനം. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് അവസാന ടെസ്റ്റ് കളിച്ചത്. ഇന്ത്യക്കായി ഒമ്പത് ഏകദിനങ്ങളിലും വരുണ്‍ ആരോണ്‍ പന്തെറിഞ്ഞു. ഒമ്പത് ഏകദിനങ്ങളില്‍ 11 വിക്കറ്റാണ് ആരോണിന്‍റെ നേട്ടം. 2014ലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന ഏകദിനം കളിച്ചത്. വേഗം കൊണ്ട് ഞെട്ടിച്ച വരുണ്‍ ആരോണിന്‍റെ കരിയറില്‍ പരിക്കാണ് പലപ്പോഴും വില്ലനായത്. 88 ലിസ്റ്റ് എ മത്സരങ്ങളില്‍ 141 വിക്കറ്റും 95 ടി20 മത്സരങ്ങളില്‍ 93 വിക്കറ്റും ആരോണ്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒമ്പത് സീസണുകളിലായി ദില്ലി , പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത, ബെംഗലൂരു, ഗുജറാത്ത് ടീമുകള്‍ക്കായി കളിച്ച ആരോണ്‍ 52 മത്സരങ്ങളില്‍ 44 വിക്കറ്റും സ്വന്തമാക്കി

Related Articles

Latest Articles