ജീവിതശൈലീ രോഗങ്ങൾ നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് ശൈലി ആപ്പ് ഉപയോഗിക്കുന്നത്. നവകേരള കർമ പദ്ധതിക്ക് കീഴില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജനസംഖ്യ അടിസ്ഥാനത്തിലുള്ള സ്‌ക്രീനിങ് പ്രൊജക്‌റ്റിന്‍റെ ഭാഗമായി തയ്യാറാക്കിയ ശൈലി ആപ്പ് ആശാ പ്രവർത്തകർക്ക് ദുരിതങ്ങൾ നൽകുന്നു.
30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, ക്യാൻസർ, ഉയർന്ന രക്തസമ്മർദം, മറ്റ് ജീവിതശൈലി സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ വീടുതോറും കയറിയിറങ്ങി ശേഖരിയ്ക്കുവാൻ ആശാ പ്രവർത്തകരെയാണ് സർക്കാർ നിർബന്ധിയ്ക്കുന്നത്. 6000 രൂപ മാത്രം മാസ ശമ്പളം ലഭിയ്ക്കുന്ന നമ്മുടെ നാട്ടിൻപുറത്തെ പെണ്ണുങ്ങളായ ആശമാരുടെ പ്രായോഗിക ബുദ്ധിമുട്ട് കാണുവാൻ ആരും താത്പര്യം കാട്ടുന്നില്ല.
ആരോഗ്യ വകുപ്പ് ജീവനക്കാർ ആരും തന്നെ ഇത്തരമൊരു പ്രവർത്തനം ചെയ്യാൻ മനസു കാണിയ്ക്കുന്നില്ല. ഫലത്തിൽ ഇതിൻ്റെ പ്രായോഗിക തലം വളരെ പ്രശ്‍നങ്ങൾ സൃഷ്ടിയ്ക്കുന്നു. പല ആശാ പ്രവർത്തകർക്കും ശൈലി ആപ്പിൽ ലോഗിൻ ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചുപോലും വ്യക്തമായ ധാരണയില്ല.
വ്യക്തികളുടെ വിവരങ്ങൾ ശേഖരിയ്ക്കുവാൻ വീടുകളിൽ ചെല്ലുമ്പോൾ ആധാർ നമ്പർ നൽകിയാണ് ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. ഡ്രൈവിംഗ് ലൈസൻസ്സും, പാൻകാർഡ് നമ്പറും ഇതിൽ സ്വീകാര്യമാണ്. പക്ഷെ പല വീടുകളിലും ആധാർ മാത്രമേയുള്ളൂ. അവർ ആരും തന്നെ ആധാർ നമ്പറുകൾ നൽകി ആശാ പ്രവർത്തകരോട് സഹകരിയ്ക്കാൻ കൂട്ടാക്കുന്നില്ല. മാത്രമല്ല ശൈലി ആപ്പിൽ നിരവധി ചോദ്യങ്ങൾ ഉൾപ്പെട്ട ചോദ്യാവലിയുണ്ട്. 8ആം ക്‌ളാസ് അടിസ്ഥാന യോഗ്യതയായ ആശാ പ്രവർത്തകരോട് ഈ ചോദ്യാവലി നൽകിയത് തന്നെ അപക്വമാണ്. ബിരുദ ധാരികളായ നിരവധി സ്ത്രീകൾ ആശാ പ്രവർത്തകരായി ഉണ്ട് എന്നത് ഈ വിഷയത്തിന് സാധൂകരണം നൽകുന്നില്ല.
സ്ത്രീകളോട് മാത്രം സ്വകാര്യമായി മാത്രം ചോദിയ്ക്കാൻ സാധിയ്ക്കുന്ന നിരവധി ചോദ്യങ്ങളുമുണ്ട്. പുരുഷന്മാരടക്കമുള്ള വീടുകളിൽ ചെന്ന് ഈ സർവേ ചെയ്യുന്ന ആശാ പ്രവർത്തകർക്ക് ഇതൊരു പ്രായോഗിക തടസമാണ്. ഇടുപ്പിൻ്റെ അളവെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആശാ പ്രവർത്തകരായ സ്ത്രീകളിൽ പലർക്കും മറ്റു പുരുഷന്മാരുടെ ഇടുപ്പിൻ്റെ അളവെടുക്കുന്നത് ബുദ്ധിമുട്ടായിത്തീരുന്നു.
ഇത്തരം നിരവധി പ്രായോഗിക പ്രശ്‍നങ്ങളിലൂടെ കടന്നു പോകുന്ന ശൈലീ ആപ്പ് സർവേ ആശാ പ്രവർത്തകർക്ക് ആപ്പായി തീരുകയാണ്. ഈ പ്രായോഗിക പ്രശ്‍നങ്ങളിലേയ്ക്ക് അധികൃതരുടെ ശ്രദ്ധ പതിയണമെന്ന ആഗ്രഹത്തിലാണ് ആശാ പ്രവർത്തകർ.

