Sunday, September 20, 2026

പൗർണ്ണമിക്കാവിൽ നാളെ നടതുറക്കും ! മഹാകാളികായാഗത്തിന് മുന്നോടിയായി പ്രത്യേക പൂജകളും ചെമ്പ് ചാർത്തൽ ചടങ്ങും

തിരുവനന്തപുരം : വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ പൗർണ്ണമി ദിനമായ നാളെ വിശേഷാൽ പൂജകളോടും ചടങ്ങുകളോടും കൂടി നട തുറക്കുന്നു. വരുന്ന ഡിസംബർ 26 മുതൽ 31 വരെ ക്ഷേത്രത്തിൽ വെച്ച് സംഘടിപ്പിക്കുന്ന മഹാകാളികായാഗത്തിന്റെ മുന്നോടിയായുള്ള അനുബന്ധ പൂജകളാണ് നാളെ നടക്കുന്നത്. ഒറീസയിലെ ബലാംഗീർ മൽപ്പാഡയിലുള്ള പൂർണ്ണിമക്കാ ദേവീ ക്ഷേത്രത്തിൽ നടന്ന പൂജയുടെ വിധി പ്രകാരമുള്ള അനുബന്ധപൂജകൾ നാളെ നടക്കും.

മഹാകാളികായാഗത്തിന് ഒരുക്കമായി എല്ലാ പൗർണ്ണമിയിലും നടന്നുവരാറുള്ള പഞ്ചമുഖ ഗണപതിയുടെ പ്രത്യേക ഗണപതി ഹോമത്തോടെ നാളത്തെ ചടങ്ങുകൾ ആരംഭിക്കും. ശ്രീ ശങ്കരാചാര്യ മഠത്തിലെ മുഖ്യ പുരോഹിതനായ ഫണി കുമാർ ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഈ പ്രത്യേക ഹോമം നടക്കുന്നത്. കൂടാതെ, ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ ആദിപരാശക്തിയുടെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ ചെമ്പ് ചാർത്തുന്ന സുപ്രധാന ചടങ്ങിനും നാളെ പൗർണ്ണമിക്കാവ് സാക്ഷ്യം വഹിക്കും.

ക്ഷേത്രത്തിലെ പതിവ് ആരാധനകൾക്കും പൂജകൾക്കും പുറമെ രാവിലെ മുതൽ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. പുലർച്ചെ 4 മണിക്ക് തുറക്കുന്ന തിരുനട രാത്രി 10 മണി വരെ ദർശനത്തിനായി തുറന്നിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles