Tuesday, May 14, 2024
spot_img

മതം മാറിയതുകൊണ്ടല്ല ദേവസഹായം പിള്ളയെ വധിച്ചത്! വ്യാജ പ്രചാരണങ്ങൾ തള്ളി മാർപ്പാപ്പക്ക് കത്തെഴുതി തിരുവിതാം‌കൂർ രാജകുടുംബം

തിരുവനന്തപുരം:കത്തോലിക്ക സഭ മാസങ്ങൾക്ക് മുൻപ് വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായംപിള്ളയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ തള്ളി കവടിയാർ കൊട്ടാരം. മതം മാറിയതുകൊണ്ടല്ല ദേവസഹായം പിള്ളയെ വധിച്ചതെന്നും രാജദ്രോഹക്കുറ്റത്തിനാണ് ഇയാളെ ശിക്ഷിച്ചതെന്നും കവടിയാർ കൊട്ടാരം വ്യക്തമാക്കി. ഇതിന്റെ തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായി, പൂയം തിരുന്നാൾ ഗൗരി പാർവതി ഭായി എന്നിവർ ഫ്രാൻസിസ് മാർപ്പാപ്പയ്‌ക്ക് കത്തെഴുതിയത്.

ദേവസഹായംപിള്ളയെ വിശുദ്ധനാക്കുന്ന മറവിൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന തങ്ങളുടെ പൂർവ്വികൻ അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കുന്നതിൽ വേദനയുള്ളതായും ഇരുവരും കത്തിലൂടെ പറഞ്ഞു. സഭയുടെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കും തങ്ങൾ തടസം സൃഷ്ടിക്കുകയല്ലെന്നും മഹാരാജാക്കൻമാരെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും കവടിയാർ കൊട്ടാരം മാർപാപ്പയോട് ആവശ്യപ്പെട്ടു.

തിരുവിതാംകൂർ മഹാരാജാക്കന്മാർ മറ്റു മതങ്ങളിൽപ്പെട്ട പ്രജകളോട് വിവേചനം കാണിച്ചിരുന്നില്ല. വരാപ്പുഴയിലെ ക്രൈസ്തവ ദേവാലയത്തിന് മാർത്താണ്ഡ വർമ കരം ഒഴിവായി സ്ഥലം നൽകിയതും ഉദയഗിരിയിൽ പള്ളി പണിയുന്നതിനുള്ള പണം ഡിലനോയിയുടെ ആവശ്യപ്രകാരം കാർത്തിക തിരുനാൾ രാമവർമ മഹാരാജാവ് നൽകിയതും പള്ളിവികാരിക്ക് 100 പണം വേതനമായി നൽകിയതും ചരിത്രരേഖകൾ ഉദ്ധരിച്ച് കത്തിൽ ചൂണ്ടികാട്ടി.

തിരുവിതാംകൂർ രാജവംശം കത്തോലിക്കരോട് കാണിച്ചിരുന്ന ഉദാരമനസ്‌കതയ്‌ക്ക് നന്ദി അറിയിച്ചുകൊണ്ട് 1774-ൽ കാർത്തിക തിരുനാളിന് ക്ലെമൻറ് പതിനാലാമൻ മാർപാപ്പയും ശ്രീമൂലം തിരുനാൾ മഹാരാജാവിന് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയും എഴുതിയ കത്തുകളും ഇരുവരും വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ മെയ് 15 നാണ് ദേവസഹായംപിള്ളയെ വിശുദ്ധനായി സഭ പ്രഖ്യാപിച്ചത്. ഇതിന് ശേഷം മതംമാറിയത് കൊണ്ടാണ് ഇയാളെ വധിച്ചതെന്ന പ്രചാരണം ശക്തമായിരുന്നു. പ്രചാരണം രാജാക്കൻമാരെ തെറ്റായി ചിത്രീകരിക്കുന്ന ഘട്ടം വരെയത്തിയപ്പോഴാണ് വിശദീകരണവുമായി കവടിയാർ കൊട്ടാരം രംഗത്തെത്തിയത്.

Related Articles

Latest Articles