Thursday, May 16, 2024
spot_img

ഉത്തരാഖണ്ഡിൽ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്നു ! 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ചാര്‍ ധാം റോഡ് പ്രോജക്ടിന്റെ ഭാഗമായി സിക്യാരയേയും ദംദാല്‍ഗാവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലാണ് തകര്‍ന്നത് . ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും ടണലിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ (എൻഎച്ച്ഐഡിസിഎൽ) ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നാലര കിലോമീറ്റര്‍ ദൈർഘ്യമുള്ള ടണലിന്റെ 150 മീറ്റര്‍ നീളമുള്ള ഭാഗമാണ് തകര്‍ന്നത്. 150 മീറ്റര്‍ നീളമുള്ള സ്ലാബ് മാറ്റിയാല്‍ മാത്രമേ ടണല്‍ തുറന്ന് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുകയുള്ളു. ടണലിന് ഉള്ളിലേക്ക് ഓക്‌സിജന്‍ എത്തിക്കാനായി ചെറിയൊരു ഭാഗം തുറക്കാന്‍ സാധിച്ചിട്ടുള്ളതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ടണലിന്റെ തുടക്ക സ്ഥാനത്ത് മണ്ണിടിച്ചിലുണ്ടായതാണ് അപകടത്തിന് കാരണം. തൊഴിലാളികളുടെ കൈവശം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നും ഇവര്‍ സുരക്ഷിത സ്ഥാനത്താണ് നിലവിലുള്ളതെന്നും രക്ഷാ സംഘം അറിയിച്ചു.

Related Articles

Latest Articles