Saturday, January 10, 2026

“മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടും ;സാധാരണ മൂല്യത്തേക്കാൾ അപ്പുറം ! “- കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നവകേരളസദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രചെയ്യാന്‍ ഒരുകോടിയിലേറെ രൂപ മുടക്കി പുതിയ ബസ് തയ്യാറാക്കിയ സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം : നവകേരളസദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രചെയ്യാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒരുകോടിയിലേറെ രൂപ മുടക്കി പുതിയ ബസ് തയ്യാറാക്കിയ സംഭവത്തിൽ നാടെങ്ങും പ്രതിഷേധം ഉയരുന്നതിനിടെ തയ്യാറാക്കിയത് ആഡംബര ബസ്സല്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എ.കെ.ജി. സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബസ്സുണ്ട്, ആഡംബര ബസ്സൊന്നുമല്ല. പരിപാടി കഴിഞ്ഞാല്‍ അവര്‍ കൊണ്ടുപോകുകയല്ല, കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കുകയാണ്. അതിനൊക്കെ മൂല്യം കൂടുകയല്ലേ. ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല, ആക്ഷേപം വന്നുകൊണ്ടേയിരിക്കും. ആഡംബരം ഒന്നുമില്ല. നാളെമുതല്‍ എല്ലാവരും കാണത്തക്ക രീതിയില്‍ ബസിന്റെ യാത്ര തുടങ്ങും. അതുവരെ എല്ലാവരും കാത്തിരിക്കുക. അപ്പോള്‍ ഫോട്ടോയോ എന്തു സംവിധാനം വേണമെങ്കിലും ഉപയോഗിച്ച് കാണിച്ചോളൂ. ഒരു രഹസ്യവുമില്ല. ആ ബസ് ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയും. ബസിന് മൂല്യം കൂടുകയാണ് ചെയ്യുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് സാധാരണ മൂല്യത്തേക്കാള്‍ അപ്പുറമാണ്.

മറിയക്കുട്ടിക്കെതിരായ വ്യാജവാര്‍ത്തയില്‍ ദേശാഭിമാനി പരസ്യമായി ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. വേറെ ഏതെങ്കിലും പത്രം ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടോ? പത്രമെന്ന രീതിയില്‍ സംഘടനാപരമായ നിലപാട് ദേശാഭിമാനി സ്വീകരിച്ചിട്ടുണ്ട്.

പാലസ്തീന്‍ റാലികളില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പങ്കാളിത്തമുണ്ട്. വിലക്ക് കല്‍പിച്ച പാര്‍ട്ടികളിലെ അംഗങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുന്നു. വര്‍ഗീയ വാദികളേയും കോണ്‍ഗ്രസിനെപ്പോലെ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നവരേയും മാത്രമേ പാലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടികളില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയിട്ടുള്ളൂ. കോണ്‍ഗ്രസിന്റെ ഒപ്പം നില്‍ക്കുന്ന നിരവധി ആളുകള്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്” – എം.വി ഗോവിന്ദൻ പറഞ്ഞു

Related Articles

Latest Articles