Monday, May 20, 2024
spot_img

ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തി വീടും പരിസരവും നിരീക്ഷിക്കും, രാത്രിയിൽ അതേ വീടുകളിലെത്തി മോഷണം; നാടോടി സ്ത്രീകള്‍ പിടിയില്‍

കൊച്ചി: വീടുകളില്‍ കയറി പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകളുടെ സംഘം പിടിയില്‍. എറണാകുളത്തുള്ള ഒരു വീട്ടില്‍ കയറി നാടോടി സംഗം 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്‌സ് വാച്ചുമടക്കം 25 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയില്‍ എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍ മാരിമുത്തുവിന്റെ ഭാര്യ ദേവി (22), മുത്തപ്പന്റെ ഭാര്യ കസ്തൂരി (22), കേശവന്റെ ഭാര്യ ദേവി (21) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ രാവിലെ എല്ലാ വീടുകളിലും ആക്രി എടുക്കാനെന്ന വ്യാജേനയെത്തും. തുടർന്ന് വീടും പരിസരങ്ങളും കയറാനുള്ള വഴിയും എല്ലാം നോക്കി വക്കും. കൂടുതലും ആളില്ലാത്ത വീടുകളാണ് ഇവർ നോട്ടമിടുന്നത്. ആരുമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസ്സിലാക്കാന്‍ എന്തെങ്കിലും അടയാളം ചെയ്ത് വയ്ക്കും. പിന്നീട് വന്ന് മോഷണം നടത്തുകയാണ് പതിവ്. ചില വീടുകളില്‍ രാത്രി സമയങ്ങളില്‍ ഇവരോടൊപ്പമുള്ള പുരുഷന്മാരാണ് മോഷണത്തിന് കയറുന്നത്. ആ സമയം ആരെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടെങ്കില്‍ ആക്രമിക്കാനും മടിക്കില്ല.

അന്വേഷണ സംഘം വീടിന്റെ പരിസരത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച്‌ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയെ പരിശോധിച്ചതില്‍ മോഷണമുതലിന്റെ കുറച്ചു ഭാഗം ശരീര ഭാഗത്തു നിന്ന് തന്നെ കണ്ടു കിട്ടി. ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച്‌ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles