Tuesday, May 14, 2024
spot_img

പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണ്ണയ വിവാദം; ഉത്തരസൂചിക പുതുക്കാന്‍ 15 അംഗസമിതി

തിരുവനന്തപുരം: വിവാദമായ പ്ലസ്ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണ്ണയത്തിൽ ഉത്തര സൂചിക പുന:പരിശോധിച്ച്‌ പുതുക്കിനല്‍കുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഈ അധ്യാപക സംഘത്തിൽ മൂന്ന് പേര്‍ ഗവേഷണ ബിരുദമുള്ള കോളജ് അധ്യാപകരാണ്. അവരായിരിക്കും പുതിയ ഉത്തരസൂചിക നൽകുക. പുതുക്കിയ ഉത്തരസൂചിക പ്രകാരം കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം ബുധനാഴ്ച പുന:രാരംഭിക്കും.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയമാണ് നിലവിലുള്ളത്. അത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ല. ചില അധ്യാപകര്‍ നടത്തുന്ന കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയ ബഹിഷ്‌ക്കരണം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതിനായി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയതായും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറിയില്‍ 106 വിഷയങ്ങളിലായി 23,622 അധ്യാപകരെയും എസ് എസ് എല്‍ സിക്ക് 9 വിഷയങ്ങളിലായി 21,000 അധ്യാപകരെയുമാണ് മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുള്ളത്. ഇതില്‍ ഹയര്‍ സെക്കന്‍ഡറിയിലെ കെമിസ്ട്രി വിഷയത്തിലെ ഒരു വിഭാഗം അധ്യാപകര്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്ക ഉണ്ടാക്കുന്നതിനുള്ള ശ്രമം നടത്തിയത്.

വേഗത്തില്‍ പരാതികള്‍ അറിയിക്കാനുള്ള സംവിധാനങ്ങളേറെയുണ്ടായിട്ടും മൂല്യനിര്‍ണയ ദിവസം വരെ ഒരുവിധത്തിലുള്ള പരാതിയും ആരും നല്‍കിയില്ല. എന്നാൽ ഏപ്രില്‍ 28 മുതല്‍ മൂന്നു ദിവസമായി പരീക്ഷാ ജോലിയില്‍ നിന്ന് ഒരു വിഭാഗം അധ്യാപകര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതു സംബന്ധിച്ച്‌ ആരുടെയും രേഖാപരമായ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മന്ത്രി ചുണ്ടിക്കാട്ടി.

Related Articles

Latest Articles