Saturday, May 18, 2024
spot_img

‘അഗ്നിപഥ്’; അഗ്നിവീരന്മാരാകാൻ തയ്യാറുണ്ടോ ? എങ്കിൽ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ വരുന്നു; അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്ന ആശയം നടപ്പിലാക്കാനൊരുങ്ങി ഭാരതം

ദില്ലി: ഭാരതസ്‌നേഹികളായ യുവജനങ്ങൾക്ക് മാതൃരാജ്യത്തെ സേവിക്കാൻ അവസരമൊരുക്കി കേന്ദ്രസർക്കാർ. അഗ്നിപഥ് എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഈ പദ്ധതി പ്രകാരം യുവാക്കൾക്ക് മൂന്ന് വർഷത്തേയ്‌ക്ക് സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ സാധിക്കും.കൂടാതെ പ്രതിരോധ സേനയുടെ ചെലവും പ്രായപരിധിയും കുറയ്‌ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി എന്നാണ് സൂചന. ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്നറിയപ്പെടുന്ന ഈ പദ്ധതി അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ആശയമായിരുന്നു.അദ്ദേഹത്തോടുള്ള ആദര സൂചകമായിട്ടാണ് കേന്ദ്രം ഈ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ടൂർ ഓഫ് ഡ്യൂട്ടി ആശയത്തിന് കീഴിൽ ഇങ്ങനെ സൈനികരെ റിക്രൂട്ട് ചെയ്യുകയാണെങ്കിൽ ശമ്പളം, അലവൻസ്, പെൻഷൻ എന്നിവയിൽ നിന്നായി ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ സാധിക്കും. സെെന്യത്തിൽ ഒഴിവുകൾ ലഭ്യമാണെങ്കിൽ യുവാക്കളിൽ ഏറ്റവും മികച്ചവർക്ക് സേവനം തുടരുവാനുള്ള അവസരവും ലഭിക്കും.

ഇനി അഗ്നിപഥ് എന്ന ഈ പദ്ധതിയിലൂടെ യുവാക്കൾക്ക് സേനയിൽ ചേർന്ന് സേവനം നടത്താമെന്നും അവരുടെ പ്രവർത്തനകാലത്ത് യുവാക്കൾ അഗ്നിവീരന്മാർ എന്നറിയപ്പെടുമെന്നുമാണ് വിവരം. മാത്രമല്ല മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അഗ്നിവീരന്മാരിൽ പ്രതിഭകളായ യുവാക്കളെ നിലനിർത്തി ബാക്കിയുള്ളവരെ മറ്റ് ജോലികൾ കണ്ടെത്തുന്നതിന് സായുധ സേന സഹായിക്കുകയും ചെയ്യും. കൂടാതെ അഗ്നിവീരന്മാരായ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സന്നദ്ധരായി കോർപ്പറേറ്റ് കമ്പനികളുൾപ്പടെ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ രാജ്യത്തെ സേവിച്ച പരിശീലനം നേടിയ അച്ചടക്കമുള്ള യുവാക്കൾക്ക് ജോലി നൽകാൻ ഇനിയും വൻകിട തൊഴിൽ ദാതാക്കൾ സമീപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 3 വർഷത്തിന് ശേഷം സേവനം അവസാനിപ്പിക്കുന്ന യുവാക്കളിൽ 50 ശതമാനം പേർക്കും ദേശീയ പെൻഷൻ പദ്ധതിയുടെ ആനുകൂല്യവും നിശ്ചിത കാലയളവിലേക്ക് സൈനികർക്കുള്ള എല്ലാ മെഡിക്കൽ ആനുകൂല്യങ്ങളും ലഭിക്കും. പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള അവസാന ഘട്ട മിനുക്കുപണിയിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ.

Related Articles

Latest Articles